അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ റെയിൽവേക്കെതിരെ വിമർശനവുമായി മമത
text_fieldsന്യൂഡൽഹി: റെയിൽവേയിൽ ഏകോപനത്തിൽ വലിയ വിടവാണ് ഉണ്ടായിരിക്കുന്നതെന്നും റെയിൽവേക്ക് സ്വന്തം ബജറ്റ് പോലുമില്ലാതായെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രി കൂടിയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചു. താൻ മൂന്നു വർഷം റെയിൽവേ മന്ത്രിയായിരുന്നെന്നും ഒരേ ട്രാക്കിൽ രണ്ടു ട്രെയിനുകൾ വന്നാൽ കൂട്ടിമുട്ടലൊഴിവാക്കാൻ താനേ നിൽക്കുന്ന സുരക്ഷ സംവിധാനം ഈ സമയത്ത് തുടങ്ങിയിരുന്നുവെന്നും മമത പറഞ്ഞു. ബാലസോറിൽ ഈ സംവിധാനം ഒരുക്കിയിട്ടില്ലെന്നും അവ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും മമത പറഞ്ഞു.
യു.പി.എ സർക്കാറിന്റെ കാലത്ത് കേന്ദ്ര റെയിൽവേ മന്ത്രി മമത ബാനർജിക്ക് കീഴിൽ ട്രെയിനുകൾ കൂട്ടിമുട്ടാതിരിക്കാൻ മന്ത്രാലയം 2011-12ൽ വിഭാവനം ചെയ്ത സാങ്കേതിക വിദ്യയായ ‘ട്രെയിൻ കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം’ (ടി.സി.എ.എസ്) ‘കവച്’ എന്ന് പുനർനാമകരണം ചെയ്ത് അവതരിപ്പിച്ച മോദിസർക്കാർ രാജ്യത്തെ 98 ശതമാനം റെയിൽപാളങ്ങളിലും അത് നടപ്പാക്കിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി. 68,043 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ റെയിൽവേയുടെ കേവലം രണ്ടു ശതമാനം ദൂരത്താണ് ‘കവചി’ന്റെ സുരക്ഷ കവചമൊരുക്കിയത്. ഇതിനിടയിലാണ് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഇറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഗോഖലെ കുറ്റപ്പെടുത്തി.
ബാലസോർ ട്രെയിൻ ദുരന്തത്തിന് കാരണം സുരക്ഷ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, പ്രതിപക്ഷ നേതാക്കൾക്കെതിരെ പെഗസസ് ഉപയോഗിക്കാൻ കാണിച്ച താൽപര്യം കേന്ദ്ര സർക്കാർ റെയിൽവേ സുരക്ഷിതമാക്കുന്നതിൽ കാണിച്ചില്ലെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.