ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം; യു.പി.എസ്.സി ചോദ്യത്തിൽ ഉൾപ്പെട്ടതിൽ കേന്ദ്രത്തിനെതിരെ മമത
text_fieldsകൊൽക്കത്ത: കേന്ദ്ര പൊലീസ് സേനയിലെ പ്രവേശന പരീക്ഷ ചോദ്യത്തെ ചൊല്ലി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്രസർക്കാറും തമ്മിൽ വാക്യുദ്ധം. സിവിൽ സായുധ സേനയിലേക്കുള്ള യൂനിയൻ പബ്ലിക് സർവിസ് കമീഷന്‍റെ പരീക്ഷയിൽ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യമാണ് മമതയെ ചൊടിപ്പിക്കാൻ കാരണം.
ബി.ജെ.പി നൽകിയ ചോദ്യങ്ങളാണ് പരീക്ഷയിൽ യു.പി.എസ്.സി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തിയെന്നും മമത കുറ്റെപ്പടുത്തി.
സി.എ.പി.എഫ് പ്രവേശനത്തിനുള്ള പരീക്ഷയിൽ ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമത്തെക്കുറിച്ച് എഴുതാൻ ആവശ്യട്ടിരുന്നു. ഇത് രാഷ്ട്രീയം മുന്നിൽ കണ്ടുള്ള ചോദ്യമാണെന്നാണ് മമതയുടെ ആരോപണം.
'യു.പി.എസ്.സി ബി.ജെ.പി നൽകിയ ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു നിഷ്പക്ഷ സ്ഥാപനമാണ് യു.പി.എസ്.സി, എന്നാൽ, ചോദ്യങ്ങൾ ബി.ജെ.പി നൽകും. കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള യു.പി.എസ്.സിയിലെ ഒരു ചോദ്യം പോലും രാഷ്ട്രീയ പ്രേരിതമാണ്. യു.പി.എസ്.സിയെപ്പോലുള്ള സ്ഥാപനങ്ങളെ ബി.ജെ.പി തകർത്തു' -കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കവേ മമത ബാനർജി പറഞ്ഞു.
ഇൗ വർഷം ആദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലൂടെ ബംഗാളിൽ വീണ്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. അതേസമയം നന്ദിഗ്രാമിൽ മമത സുവേന്ദു അധികാരിയോട് പരാജയപ്പെടുകയും ചെയ്തു. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷം അടിച്ചമർത്തുന്നതിൽ സംസ്ഥാനം മൃദു സമീപനം സ്വീകരിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
എന്നാൽ, വ്യാപകമായി പ്രചരിക്കുന്നത് അക്രമ സംഭവങ്ങളുടെ വ്യാജ വിഡിയോകളും ചിത്രങ്ങളുമാണെന്നും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മേയ് രണ്ടിന് സംസ്ഥാന പൊലീസ് സേന തെരഞ്ഞെടുപ്പ് കമീഷൻറെ നിയന്ത്രണത്തിലായിരുന്നു എന്നുമാണ് ബംഗാൾ സർക്കാർ സമർപ്പിച്ച റിേപ്പാർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.