നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ ഞങ്ങൾ വെറുതെ വിടില്ല -നൂപുർ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി മമത
text_fieldsകൊൽക്കത്ത: ബി.ജെ.പിയുടെ മതവിദ്വേഷത്തിനും വ്യാജ പ്രചാരണങ്ങൾക്കും അന്യായ അറസ്റ്റുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രവാചക നിന്ദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ പേര് പോലും പറയാതെ മമത ആഞ്ഞടിച്ചു. 'നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ നമ്മുടെ സംസ്ഥാനം അവൾക്ക് സമൻസ് അയച്ചിട്ടുണ്ട്. ഞങ്ങൾ അവളെ വെറുതെ വിടാൻ പോകുന്നില്ല. കള്ളം പറയുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും' -അവർ പറഞ്ഞു. ചൊവ്വാഴ്ച അസൻസോളിൽ നടന്ന തൃണമൂൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
"ഞാൻ സോഷ്യൽ മീഡിയ ഇഷ്ടപ്പെടുന്നയാളാണ്. ഞാൻ സത്യം നന്നായി പറയുന്നവരുടെ പക്ഷത്താണ്. ജീവൻ തൃണവത്കരിച്ചും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവർക്കൊപ്പമാണ് ഞാൻ. എന്നാൽ, വ്യാജ വീഡിയോ കാണിക്കുക, വഞ്ചിക്കുക, നുണകൾ പ്രചരിപ്പിക്കുക എന്നതാണ് ബിജെപിയുടെ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ചെയ്യുന്നത്. അവർക്ക് ധാരാളം പണമുണ്ട്, അതുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിലും യുട്യൂബിലും കള്ളം പറയുന്നത്' -മമത പറഞ്ഞു.
മതവിദ്വേഷം പരത്തുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ യാതൊരു നടപടിയും എടുക്കാതെ ടീസ്റ്റ സെറ്റൽവാദ്,
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈർ എന്നിവരെ വേട്ടയാടുന്നതിനെയും മമത വിമർശിച്ചു. 'നിങ്ങളുടെ നേതാവ് മതത്തെക്കുറിച്ച് കള്ളം പറയുകയും വൃത്തികെട്ട കാര്യങ്ങൾ പറയുകയും ചെയ്താൽ അവരെ അറസ്റ്റ് ചെയ്യരുത്. അവർ വളരെ ശാന്തമായി ഇരിക്കുന്നു... നിങ്ങൾ കൊന്നാലും ഇവിടെ യാതൊരു പ്രശ്നവുമില്ല. എന്നാൽ, ഞങ്ങളാരെങ്കിലും സംസാരിച്ചാൽ ഞങ്ങളെ കൊലപാതകികളായി മുദ്രകുത്തുന്നു. നിങ്ങൾ എന്തിനാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്? അവൻ എന്താണ് ചെയ്തത്?, എന്താണ് ടീസ്റ്റ ചെയ്തത്?. നിങ്ങളുടെ വൃത്തികെട്ട ആളുകളുടെ പേരുകൾ ഞാൻ പറയുന്നില്ല. മതത്തെ ദുരുപയോഗം ചെയ്യുന്നവരെ നിങ്ങൾ അറസ്റ്റ് ചെയ്യരുത്, അവർക്ക് നിങ്ങൾ സുരക്ഷ ഒരുക്കിക്കൊടുത്തോളൂ... പക്ഷേ നമ്മുടെ സംസ്ഥാനം അവൾക്ക് സമൻസ് അയച്ചിടുണ്ട്. ഞങ്ങൾ അവളെ വിടാൻ പോകുന്നില്ല. കള്ളം പറയുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും' -മമത വ്യക്തമാക്കി.
മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുർ ശർമയുടെ വിവാദ പരാമർശത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർന്നിട്ടും സർക്കാർ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പശ്ചിമ ബംഗാളിലും ദിവസങ്ങളായി പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. അതിനിടെ, കൊൽക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും നൂപുറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നർകെൽദംഗ, ആംഹെർസ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുകളിൽനിന്നാണ് നൂപൂറിന് സമൻസ് അയച്ചത്.
എന്നാൽ, കൊൽക്കത്ത പൊലീസിന്റെ സമൻസ് ലഭിച്ചതിനുപിന്നാലെ നൂപുർ ശർമ്മ തന്റെ ജീവനെ കുറിച്ച് ഭയം പ്രകടിപ്പിച്ചു. ഹാജരാകാൻ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് അവർ ഇമെയിൽ അയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, വിവാദ പരാമർശങ്ങളുടെ പേരിൽ നൂപുർ ശർമ്മയെ ജൂൺ 20 ന് നരകൊണ്ട പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിളിപ്പിച്ചിരുന്നു. അപ്പോഴും ഹാജരാകാതിരുന്ന നൂപുർ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ഇമെയിൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.