ബംഗാളിലെ തോൽവിക്ക് പക വീട്ടി കേന്ദ്രം; നാരദ കേസിൽ തൃണമൂൽ മന്ത്രിമാരെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ജനംകൈവിട്ട് ഭരണം പിടിക്കാനാകാതെ വന്നതോടെ സി.ബി.ഐയെ ഉപയോഗിച്ച് പകവീട്ടി കേന്ദ്ര സർക്കാർ. പുതിയ മമത മന്ത്രിസഭയിലെ അംഗങ്ങളായ ഫർഹദ് ഹകീം, സുബ്രത മുഖർജി എന്നിവരെ സി.ബി.ഐ തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. വിഷയമറിഞ്ഞ് പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി സി.ബി.ഐ ഓഫീസിലെത്തിയത് സംസ്ഥാനത്ത് പ്രശ്നം വഷളാക്കും.
രാവിലെ ഒമ്പതു മണിയോടെ വീട്ടിലെത്തിയ കേന്ദ്രസേന ആദ്യം ഫർഹദ് ഹകീമിനെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതേ സമയത്തുതന്നെ, തൃണമൂൽ എം.എൽ.എ മദൻ മിത്ര, പാർട്ടി നേതാവ് സോവൻ ചാറ്റർജി എന്നിവരെയും കേന്ദ്രസേനയെത്തി കൊണ്ടുപോയി. കൊൽക്കത്ത മേയറും മുൻമന്ത്രിയുമായിരുന്നു സോവൻ ചാറ്റർജി നേരത്തെ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേക്കേറിയിരുന്നുവെങ്കിലും കഴിഞ്ഞ മാർച്ചിൽ പഴയ തട്ടകത്തിൽ തന്നെ തിരിച്ചെത്തിയതാണ്.
നാലു പേർക്കുമെതിരെ സി.ബി.ഐ അന്വേഷണത്തിന് നേരത്തെ ഗവർണർ ജഗ്ദീപ് ധൻകർ അനുമതി നൽകിയിരുന്നു.
എല്ലാവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് കസ്റ്റഡിയിലെടുക്കാൻ അനുമതി തേടുമെന്നാണ് ഒടുവിലെ റിപ്പോർട്ട്. ജാമ്യം ലഭിക്കുംവരെ നാലുപേരെയും പൊലീസ് ലോക്കപ്പിലിടും.
എം.എൽ.എമാരെ പ്രോസിക്യൂട്ട് ചെയ്യാൻ നിലവിൽ സഭാ സ്പീക്കറുടെ അനുമതി തേടണം. ഇതിനു നിൽക്കാതെ സി.ബി.ഐ ഗവർണറെ സമീപിക്കുകയായിരുന്നു. ഇവർ എം.എൽ.എമാർ എന്ന നിലക്കല്ല, 2011ൽ തനിക്കു കീഴിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ എന്ന നിലക്കാണ് അനുമതി നൽകിയതെന്നാണ് ഗവർണറുടെ വിശദീകരണം.
2014ൽ നാരദ അഴിമതി കേസ് പൊങ്ങിവന്ന 2014ൽ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലു പേരും. ഇതിൽ ഫർഹദ് ഹകീം, സുബ്രത മുഖർജി എന്നിവർക്ക് ഇത്തവണയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഗവർണർ ജഗ്ദീപ് ധൻകർ തന്നെ.
നാരദ ഓൺലൈൻ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തിൽ തൃണമൂൽ മന്ത്രിമാർ കൈക്കൂലി വാങ്ങുന്നത് കണ്ടെത്തിയതാണ് നാരദ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.