ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശ്രീലങ്കയേക്കാൾ മോശമായെന്ന് മമത
text_fieldsകൽക്കത്ത: കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അയൽ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയേക്കാൾ മോശമാണെന്ന് മമത പറഞ്ഞു. സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിന് പകരം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കേന്ദ്ര സർക്കാർ ചർച്ച ചെയ്യണമെന്ന് അവർ പറഞ്ഞു.
ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി മോശമാണ്. എന്നാൽ ഇന്ത്യയുടെ അവസ്ഥ ശ്രീലങ്കയേക്കാൾ മോശമാണ്. ഇവിടെ ഇന്ധനവില വർധിപ്പിച്ചു. കേന്ദ്രസർക്കാർ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിളിച്ച് നമ്മുടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് അവർ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെയൊക്കെ പ്രതിപക്ഷ സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും അവർ പറഞ്ഞു.
"ജനങ്ങൾ ഉണരണം, അവർ ഉത്തർപ്രദേശിൽ വോട്ട് വാങ്ങി. ഏഴ് ദിവസത്തിന് ശേഷം എല്ലാത്തിനും പ്രതിഫലമായി വില വർദ്ധിപ്പിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. അവർ സംസ്ഥാനങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളും അത് കാണണം. പ്രതിപക്ഷവും കാണണം. ഈ കാര്യങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണം'' -മമത കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീലങ്കക്ക് സമാനമായ സാഹചര്യം ഇന്ത്യയിലും ഉണ്ടാകാമെന്ന് സമാജ്‌വാദി പാർട്ടി എം.പി രാം ഗോപാൽ യാദവ് പറഞ്ഞു. "സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കേന്ദ്രത്തിന് മതിയായ പണമില്ല. അവർക്ക് രണ്ട് വർഷത്തിനുള്ളിൽ 4.27 ലക്ഷം കോടി രൂപ എഫ്.സി.ഐ സബ്‌സിഡി കുടിശ്ശികയുണ്ട്. അവർക്ക് പണമില്ല. ഈ സർക്കാർ പാപ്പരായി" -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.