മമതക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക്. കേന്ദ്ര സേനക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് പ്രചാരണത്തിന് 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാത്രി എട്ട് വരെയാണ് പ്രചാരണത്തിൽ നിന്ന് മാറിനിൽക്കേണ്ടത്.
പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിലയിരുത്തി.
ബംഗാളിലെ കുച്ച് ബിഹാറിൽ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. കുച്ച്ബിഹാറിൽ കേന്ദ്രസേന നടത്തിയത് വംശഹത്യയാണെന്നും ഇരകളുടെ ദേഹത്തേക്ക് അവർ വെടിയുണ്ട വർഷിക്കുകയായിരുന്നെന്നും മമത വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതാണ് വിവാദമായത്.
പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് സി.ഐ.എസ്.എഫിന് നിശ്ചയമില്ലെന്ന് മമത പറഞ്ഞിരുന്നു. കേന്ദ്രസേന ജനങ്ങൾക്കുമേൽ അതിക്രമം നടത്തുന്നുെവന്ന് ആദ്യഘട്ട പോളിങ്ങിനിടെതന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഒരാളും വിലവെച്ചില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ പേര് മോദീപെരുമാറ്റച്ചട്ടം എന്നാക്കാൻ സമയമായിരിക്കുന്നുവെന്നും മമത വിമർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കൾ മമതയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തുകയും ചെയ്തു. കേന്ദ്രസേനയെ ഘൊരാവോ ചെയ്യണമെന്ന മമതയുടെ ആഹ്വാനമാണ് അക്രമത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ജവാന്മാരോട് മമത അനാദരവ് കാട്ടുകയാണെന്ന് മോദിയും വിമർശിച്ചിരുന്നു.
എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടമാണ് ഇതുവരെ പൂർത്തിയായത്. നാലു ഘട്ടം കൂടി ശേഷിക്കേ ബി.ജെ.പിക്കായി മോദി, അമിത് ഷാ തുടങ്ങി ദേശീയ നേതാക്കളെല്ലാം രംഗത്തുണ്ട്. നാലാംഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.