കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറി രാജിെവച്ചു, ഇനി മമതയുടെ മുഖ്യ ഉപദേഷ്ടാവ്
text_fieldsകൊൽക്കത്ത: ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച നടപടിയിൽ കേന്ദ്രവുമായി പുതിയ പോർക്കളം തുറന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സേവന കാലാവധി നീട്ടി നൽകിയ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ വിരമിക്കാൻ അനുവദിച്ച് ഉടൻ തന്നെ മമത മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ആലാപൻ വിരമിച്ച ഒഴിവിൽ എച്ച്.കെ.ദ്വിവേദിയെ പുതിയ ചീഫ് സെക്രട്ടറിയായും നിയമിച്ചു.
കോവിഡ് കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണ് തിങ്കളാഴ്ച വിരമിക്കാനിരുന്ന ആലാപൻ ബന്ദോപാധ്യായക്ക് മൂന്നര മാസം കൂടി സർവീസ് നീട്ടി നൽകിയത്. എന്നാൽ ഇതിനുപിന്നാലെ അദ്ദേഹത്തെ കേന്ദ്രം തിരിച്ചുവിളിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെത്താനായിരുന്നു ചീഫ് സെക്രട്ടറിയോടുള്ള കേന്ദ്ര നിർദേശം. എന്നാൽ, സംസ്ഥാന ഭരണകൂടത്തിെൻറ അനുമതിയില്ലാതെ ഉദ്യോഗസ്ഥനെ മറ്റൊരു ചുമതലയേൽപ്പിക്കാനാകില്ലെന്ന് മമത തിരിച്ചടിച്ചു. ഈ വിഷയത്തിൽ തിങ്കളാഴ്ച താൻ നൽകിയ കത്തിന് മറുപടി കിട്ടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ബന്ദോപാധ്യായയെ തിരിച്ചുവിളിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ചീഫ് സെക്രട്ടറിയെ വിട്ടയക്കില്ലെന്നും അഞ്ചുപേജുള്ള കത്തിൽ മമത പറഞ്ഞിരുന്നു. കേന്ദ്രം തീരുമാനം പുനഃപരിശോധിക്കണം. ഏകപക്ഷീയ നടപടിയാണിത്. സംസ്ഥാനവുമായി യാതൊരു ചർച്ചയുമില്ലാതെടുത്ത തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. സംസ്ഥാനത്തിെൻറയും ജനങ്ങളുടെയും താൽപര്യത്തിനെതിരായ നടപടിയാണിത്. ഫെഡറൽ താൽപര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും ഐക്യത്തിനും കൂടിയാണ് അഖിലേന്ത്യ സർവീസ് എന്ന കാര്യം മമത ഓർമിപ്പിച്ചു. ഇത്തരം തീരുമാനങ്ങളിലൂടെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുകയാണെന്നും തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും മമത കത്തിൽ ആരോപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.