കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിനെതിരായ നഗ്നമായ ആക്രമണം -മമത ബാനർജി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിനെതിരായ നഗ്നമായ ആക്രമണമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.''അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ഇ.ഡി, സി.ബി.ഐ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മനപൂർവം വേട്ടയാടി അറസ്റ്റ് ചെയ്യുമ്പോൾ, കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ ബി.ജെ.പിയുമായി ചേർന്നുനിൽക്കുന്നവരാകുമ്പോൾ അവരെ സ്വതന്ത്രരായി വിഹരിക്കാൻ അനുവദിക്കുന്നത് പ്രതിഷേധാർഹമാണ്. ജനാധിപത്യത്തിനുമേലുള്ള നഗ്നമായ ആക്രമണമാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിൽ പ്രതിഷേധമറിയിച്ച് ഇൻഡ്യ സഖ്യം ഉടൻ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.''-എന്നാണ് മമത എക്സിൽ കുറിച്ചത്.
മമതയുടെ പോസ്റ്റിനെ അനുകൂലിച്ച് ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ നിരവധി പേരാണ് പ്രതികരിച്ചത്.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡൽഹി മുഖ്യമന്ത്രിയെ വേട്ടയാടി അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയും ഭരണഘടന വിരുദ്ധവുമാണെന്നും ഇത്തരത്തിലുള്ള തരംതാണ രാഷ്ട്രീയം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സർക്കാരിനും അനുഗുണമല്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
'പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നു. അധികാരത്തിനായി ഏതറ്റം വരെയും പോകുമെന്നാണ് ഈ അറസ്റ്റ് സൂചിപ്പിക്കുന്നത്. അരവിന്ദ് കെജ്‍രിവാളിനെതിരായ ഭരണഘടന വിരുദ്ധ നടപടിയിൽ ഇൻഡ്യ സഖ്യം ശക്തമായ പ്രതിഷേധം അറിയിക്കുന്നു.'-മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധമറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.