കൊൽക്കത്തയിലെ ആശുപത്രി അടിച്ചു തകർത്തത് സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് -മമത
text_fieldsകൊൽക്കത്ത: ആ.ജികർ ആശുപത്രി തകർത്തത് സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണെന്ന ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാന ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മമതയുടെ പ്രതികരണം.
സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും കൊടികളുമായെത്തിയവരാണ് ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി അത് തകർത്തതെന്ന് മമത പറഞ്ഞു. പുറത്ത് നിന്നും എത്തിയവരാണ് ഇതിന് പിന്നിലെന്ന് തനിക്ക് വിവരം ലഭിച്ചു. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ഇതിൽ ഒരു പങ്കുമില്ല. ആക്രമണത്തെ താൻ അപലപിക്കുകയാണ്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് താൻ റാലി നടത്തുമെന്നും മമത ബാനർജി പറഞ്ഞു.
ആശുപത്രി പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ താൻ അഭിനന്ദിക്കുകയാണ്. അവർ ഒരിക്കലും ക്ഷമ നഷ്ടപ്പെടുത്തിയില്ല. അവർ ആരെയും ഉപദ്രവിച്ചില്ല. അവർ ശക്തി പ്രയോഗിച്ചതുമില്ല. ഒരുപാട് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ഇത്തരത്തിലൊരു പ്രതിഷേധം കാണുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജ് അജ്ഞാതർ അടിച്ചു തകർത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് ആശുപത്രിക്കുള്ളിൽ കടന്ന സംഘം ആശുപത്രിയിലെ ചെയറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്തു. ആശുപത്രിയിലെ എമർജൻസി വാർഡ് പൂർണമായും അക്രമികൾ തകർത്തിട്ടുണ്ട്. ആശുപത്രിക്ക് പുറത്ത് പാർക്ക് ചെയ്ത പൊലീസ് വാഹനങ്ങളും തകർത്തിട്ടുണ്ട്.
ഇതിനൊപ്പം ദിവസങ്ങളായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നവരുടെ പന്തലും ഇവർ തകർത്തു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ആശുപത്രിയിലെ വിദ്യാർഥികൾക്ക് ഉൾപ്പടെ മടങ്ങേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.