ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ ആര് നയിക്കും?; ചോദ്യത്തിന് മമതയുടെ മറുപടി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിനെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിന് കളമൊരുങ്ങുന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. പെഗസസ് ഫോൺ ചോർത്തൽ ഉൾപ്പെടെ സമീപകാലത്തുണ്ടായ നിരവധി വിവാദങ്ങൾ പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്താൻ വഴിയൊരുക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിന്‍റെ മുൻനിരയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമതാ ബാനർജിയുണ്ടാകുമെന്ന കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സഖ്യത്തിന്‍റെ നേതാവായി ആരു വരുമെന്ന ചർച്ചകൾ ഒരു ഭാഗത്ത് സജീവമാണ്.
പ്രതിപക്ഷ സഖ്യത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന്, താൻ ഒരു രാഷ്ട്രീയ ജോത്സ്യൻ അല്ലെന്ന മറുപടിയാണ് മമത ഇന്ന് നൽകിയത്. 'പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന് പ്രവചിക്കാൻ ഞാൻ ഒരു രാഷ്ട്രീയ ജോത്സ്യനല്ല. ആര് നയിക്കുമെന്നത് സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കുന്നതാണ്. മറ്റാരെങ്കിലും നയിച്ചാലും എനിക്കതിൽ കുഴപ്പമില്ല' -മമത വ്യക്തമാക്കി.
മമതയാകുമോ നേതാവ് എന്ന ചോദ്യത്തിന്, താനൊരു സാധാരണ പ്രവർത്തകയാണെന്നും അങ്ങനെ തന്നെ തുടരുമെന്നും മറുപടി നൽകി. വിശാല സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ പാർലമെന്‍റ് സമ്മേളനത്തിന് പിന്നാലെയുണ്ടാകും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു.
ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും മമത കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലാലുപ്രസാദ് യാദവുമായി സംസാരിച്ചിരുന്നു. അഞ്ചുദിവസത്തെ ഡൽഹി സന്ദർശനത്തിനെത്തിയ മമത ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പെഗസസ് വിഷയം ചർച്ച ചെയ്യാൻ ഇന്ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ മെഗാ മീറ്റിങ്ങിൽ മമത പങ്കെടുത്തിരുന്നില്ല. എന്നാൽ, ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിപക്ഷ സമരത്തിന്‍റെ മുൻനിരയിൽ തന്നെ താനുണ്ടാകുമെന്ന് മമത വ്യക്തമാക്കി.
ബി.ജെ.പിയെ തോൽപിക്കാൻ ഒന്നിക്കണമെന്ന്
ന്യൂഡൽഹി: ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒരുമിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയശേഷമാണ് മമതയുടെ പ്രഖ്യാപനം. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു മമത-സോണിയ കൂടിക്കാഴ്ച. പിന്നീട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മമത കണ്ടു. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ മോദി - അമിത് ഷാ കൂട്ടുകെട്ടിന് കനത്ത തിരിച്ചടി നൽകിയ മമത അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ േനതൃനിരയിലേക്ക് ഉയർന്നുനിൽക്കുമെന്ന പ്രചാരണങ്ങൾക്കിടയിലാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾ.
അഞ്ച് ദിവസത്തേക്ക് ഡൽഹിയിൽ വന്ന മമത കോൺഗ്രസ് നേതാക്കളായ കമൽനാഥുമായും ആനന്ദ് ശർമയുമായും ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി മമത സംസാരിക്കുകയും ചെയ്തു. രാഹുൽ പാർലമെൻറിൽ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽനിന്ന് തൃണമൂൽ വിട്ടുനിന്നത് പ്രതിപക്ഷത്ത് ഭിന്നതയാണെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിറെകയാണ് ബി.ജെ.പിക്കെതിരെ െഎക്യ പ്രതിപക്ഷനിര വേണമെന്ന് മമത ആവശ്യപ്പെട്ടത്. തൃണമൂലിനെ തോൽപിക്കാൻ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ് ബംഗാളിൽ മത്സരിച്ചശേഷം മമത സോണിയയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു. കൂടിക്കാഴ്ച ഏറ്റവു മികച്ചതും പോസിറ്റിവും ആയിരുന്നുവെന്ന് മമത പറഞ്ഞു.
സോണിയതന്നെ ഒരു കപ്പ് ചായക്ക് ക്ഷണിച്ചു. രാഹുലും ഉണ്ടായിരുന്നു. പെഗസസും കോവിഡ് വിഷയവും പ്രതിപക്ഷ െഎക്യത്തെ കുറിച്ചും ചർച്ച ചെയ്തു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒന്നിച്ച് വരേണ്ടതുണ്ട്. എല്ലാവരും ഒരുമിച്ച് പണിയെടുക്കേണ്ടതുമുണ്ട് എന്നും മമത പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യവും മോദിയും തമ്മിലാകുമെന്ന് രാവിലെ മമത പറഞ്ഞിരുന്നു. പാർലമെൻറ് സമ്മേളനം കഴിഞ്ഞ ശേഷം ചർച്ച നടക്കുമെന്നും പൊതുവേദി രൂപെപ്പടുത്തുമെന്നും മമത പറഞ്ഞു. പ്രതിപക്ഷമുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് സാഹചര്യത്തിന് അനുസൃതമാണെന്നായിരുന്നു മമതയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.