തെരഞ്ഞെടുപ്പ് കമ്മീഷൻെറ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണമെന്ന് മമത
text_fieldsകൊൽക്കത്ത: വോട്ടെടുപ്പിനിടെ സി.ഐ.എസ്.എഫിൻെറ വെടിവെപ്പുണ്ടായ കൂച് ബെഹറിലേക്ക് പ്രവേശനം വിലക്കിയ നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി. തെരഞ്ഞെടുപ്പ് കമ്മീഷൻെറ പേര് മാറ്റി എം.സി.സി - മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണമെന്ന് മമത പറഞ്ഞു.
ബി.ജെ.പിക്ക് അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കാം, എന്നാൽ എൻെറ ജനങ്ങളുടെ അടുത്തേക്ക് ചെന്ന് അവരുടെ വേദന പങ്കുവെക്കുന്നത് തടയാൻ ഈ ലോകത്ത് ഒന്നിനും സാധിക്കില്ല. കൂച് ബെഹറിലെ സഹോദരീ സഹോദരൻമാരെ കാണുന്നതിൽനിന്ന് മൂന്ന് ദിവസം എന്നെ തടയാൻ അവർക്ക് സാധിച്ചേക്കും. പക്ഷേ നാലാം ദിനം ഞാൻ അവിടെ എത്തിയിരിക്കും -മമത ട്വിറ്റിൽ പറഞ്ഞു. രാഷ്ട്രീയക്കാർക്ക് 72 മണിക്കൂർ കൂച് ബെഹറിലേക്ക് പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വെടിവെപ്പിനെ തുടർന്ന് ജൽപായ്ഗുരി ജില്ലയിൽ നടത്താനിരുന്ന രണ്ട് സമ്മേളനങ്ങൾ മമത ബാനർജി റദ്ദാക്കിയിട്ടുണ്ട്.
വെടിവെപ്പിൽ നാലു പേർ മരിച്ച സംഭവത്തിൽ സി.ഐ.എസ്.എഫിനെ ന്യായീകരിച്ച് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ വോട്ടർമാരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഗത്യന്തരമില്ലാതെ വെടിവെക്കുകയായിരുന്നെന്നാണ് കമ്മീഷൻ പറഞ്ഞത്.
എന്നാൽ, കൊല്ലണമെന്ന ലക്ഷ്യത്തോടെ ജനങ്ങൾക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് തൃണമൂൽ പ്രവർത്തകരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു. വെടിവെപ്പിന് വഴിവെച്ചത് ജനങ്ങൾക്കും കേന്ദ്ര സേനാംഗങ്ങൾക്കുമിടയിലെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമാണെന്ന് ആരോപണമുണ്ട്.
മതബ്ഹംഗയിലെ 126ാം നമ്പർ ബൂത്തിനരികിലൂടെ പ്രദേശവാസികളായ മൂന്ന് സ്ത്രീകൾ അസുഖ ബാധിതനായ ബാലനെ കൊണ്ടുപോകുന്നത് തടഞ്ഞ് സി.ഐ.എസ്.എഫ് അംഗങ്ങൾ കാര്യങ്ങൾ തിരക്കി. കുട്ടിയെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടോ എന്നാണ് തങ്ങൾ അന്വേഷിച്ചതെന്നാണ് അവരുടെ അവകാശ വാദം. എന്നാൽ, ബാലനെ പൊലീസ് മർദിച്ചതായി നാട്ടുകാരും പറയുന്നു. ഇതോടെ ആളുകൾ പ്രദേശത്ത് തടിച്ചുകൂടുകയും ഒച്ചവെക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിവെച്ചെങ്കിലും അവർ പിരിഞ്ഞുപോയില്ലെന്നും തുടർന്ന് പ്രാണരക്ഷാർഥം വെടിവെക്കുകയായിരുന്നെന്നും കേന്ദ്രസേന അവകാശപ്പെടുന്നു. 20നും 28നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാലു പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.