പ്രതിപക്ഷ സഖ്യത്തിന് "ഈഗോ ക്ലാഷ് ഇല്ല"- നിതീഷ് കുമാറിനും തേജസ്വിക്കും ഒപ്പമിരുന്ന് മമത
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിൽ പുതിയ ചുവടുവെച്ച് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ് കുമാർ. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, സമാജ്വാദി പാർട്ടി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവരുമായി നിതീഷ് ചർച്ച നടത്തി.
ബിഹാറിലെ ഭരണസഖ്യത്തിൽ പങ്കാളിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനൊപ്പമാണ് നിതീഷ് തിങ്കളാഴ്ച പശ്ചിമ ബംഗാളിലേക്കും പിന്നീട് ലഖ്നോവിലേക്കും പറന്നത്. ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നാണ് താൽപര്യമെങ്കിലും പ്രതിപക്ഷത്തെ കോൺഗ്രസ് നയിക്കേണ്ട എന്നു ചിന്തിക്കുന്നവരാണ് മമതയും അഖിലേഷും. ഇത്തരമൊരു സാഹചര്യത്തിലാണ് ചർച്ചകൾക്ക് നിതീഷ് മുൻകൈയെടുത്തത്.
ഐക്യത്തിനായി നിതീഷും കോൺഗ്രസും വെവ്വേറെ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിവരുന്നുണ്ട്. ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നിതീഷ് കണ്ടതോടെയാണ് പുതിയ ശ്രമങ്ങൾക്ക് ഗതിവേഗം വന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരെയും നിതീഷ് കണ്ടിരുന്നു.
അദാനി വിഷയം ഉയർത്തുന്നതിലും മറ്റുമുള്ള അതൃപ്തി മാറ്റിവെച്ച് എൻ.സി.പി നേതാവ് ശരദ് പവാർ തൊട്ടുപിന്നാലെ ഡൽഹിയിലെത്തി രാഹുലിനെയും ഖാർഗെയെയും കണ്ടു. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനടക്കം പഴയ യു.പി.എ സഖ്യകക്ഷികളുമായി കോൺഗ്രസ് നേതാക്കൾ ചർച്ചകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.