മൂന്നാം ഊഴം; 21ാമത് മുഖ്യമന്ത്രിയായി മമത
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കസേരയിൽ മമതക്ക് ഇത് മൂന്നാം ഊഴമാണ്. രാജ്ഭവനിൽ ലളിതമായ ചടങ്ങിലായിരുന്നു ബംഗാളിയിലുള്ള മമതയുടെ സത്യപ്രതിജ്ഞ. ബംഗാളിെൻറ 21ാമത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന എട്ടാമത്തെ വ്യക്തിയുമാണ് മമത. മന്ത്രിമാർ ഉൾപ്പെടെ ഉള്ളവരുടെ സത്യപ്രതിജ്ഞ ഈമാസം ഒമ്പതിന് നടക്കും. രബീന്ദ്രനാഥ ടാഗോറിെൻറ ജന്മദിനത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കും. കോവിഡ് നിയന്ത്രിക്കലാണ് സർക്കാറിെൻറ പ്രഥമ പരിഗണനയെന്ന് മമത പിന്നീട് പറഞ്ഞു. സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച അടിയന്തരയോഗം വ്യാഴാഴ്ച തന്നെ ചേരുമെന്നും അവർ വ്യക്തമാക്കി. ക്രമസമാധാനനില പാലിക്കാനുള്ള നടപടിക്കാണ് രണ്ടാം പ്രാതിനിധ്യം. അതിന് മുഖംനോക്കാതെയുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. അതിന് പ്രതിപക്ഷത്തിെൻറ സഹായം അഭ്യർഥിച്ചു.
ഗവർണർ ജഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു. അത്യന്തം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ബംഗാൾ മുന്നോട്ടുപോകുന്നതെന്ന് ഗവർണർ പിന്നീട് പറഞ്ഞു. ഭരണഘടന തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് ക്രമസമാധാനനില കൈവരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തുടങ്ങി കുറച്ചുപേർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി. എന്നാൽ, പ്രതിപക്ഷത്തുനിന്നുള്ള ബി.ജെ.പി, കോൺഗ്രസ്, സി.പി.എം നേതാക്കൾ ചടങ്ങിനെത്തിയില്ല. അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിെൻറ വിവിധഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ബംഗാളിലെത്തി. അക്രമങ്ങൾക്കിടെ വനിതകളെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇതിൽ ദേശീയ വനിതാ കമീഷൻ സ്വമേധയാ നടപടി തുടങ്ങി. ഫലപ്രഖ്യാപന ദിവസംമുതൽ തുടങ്ങിയ കലാപത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സുപ്രീംകോടതിയിൽ ഹരജി നൽകി. 400ഓളം ബി.ജെ.പി കുടുംബങ്ങൾ പലായനംചെയ്ത് അസമിൽ എത്തിയതായി അസം മന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
പൂർണഫലങ്ങൾ വന്നപ്പോൾ തൃണമൂൽ കോൺഗ്രസിെൻറ വോട്ടുവിഹിതം 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ അഞ്ചു ശതമാനം കൂടി. ബി.ജെ.പിയുടെ വിഹിതം മൂന്ന് ശതമാനം കുറഞ്ഞു. സിപിഎം-കോൺഗ്രസ് സഖ്യത്തിെൻറ വിഹിതം എട്ട് ശതമാനത്തിലും താഴെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.