പ്രിയങ്കയുടെ പ്രചാരണത്തിനായി മമത വയനാട്ടിലേക്ക്?
text_fieldsന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി ഒഴിയുന്നതോടെ ഒഴിവുവരുന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം.
വ്യാഴാഴ്ച കൊൽക്കത്തയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും മമയും കൂടിക്കാഴ്ച നടത്തിയിരുന്നു. മമത വയനാട്ടിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. ഒടുവിൽ രാഹുൽ ഒഴിയുന്ന വയനാട് മണ്ഡലത്തിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അമേത്തി, റായ്ബറേലി, വാരാണസി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിത്വവുമായി ബന്ധപെട്ട് പ്രിയങ്കയുടെ പേര് ഉയർന്നുവരുന്നത് പതിവാണ്. മാതാവ് സോണിയ ഗാന്ധി ഇത്തവണ ഒഴിഞ്ഞ റായ്ബറേലി മണ്ഡലത്തിലും പ്രിയങ്കയുടെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാൽ, വയനാടിനു പുറമെ കോൺഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയിലും രാഹുൽ ഗാന്ധി തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടു മണ്ഡലങ്ങളിലും മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചുകയറിയത്. റായ്ബറേലി നിലനിർത്തുകയും വയനാട് മണ്ഡലം രാഹുൽ ഒഴിയുമെന്നും നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. രാഹുലിനു പകരം വയനാട്ടിൽ ആരു മത്സരിക്കാനെത്തുമെന്ന ആകാംക്ഷയിലായിരുന്നു പാർട്ടി പ്രവർത്തകർ. ഒടുവിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ പാർട്ടി പ്രവർത്തകരും ആവേശത്തിലാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ ഒറ്റക്കാണ് മത്സരിച്ചതെങ്കിലും ദേശീയതലത്തിൽ അവർ ഇൻഡ്യ മുന്നണിക്കൊപ്പമാണ്. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ രഞ്ജൻ ചൗധരി ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്. മുര്‍ഷിദാബാദിലെ ബഹറാംപുര്‍ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എം.പിയായിട്ടുള്ള അധീര്‍ ചൗധരി ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനോട് പരാജയപ്പെട്ടിരുന്നു.
‘വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവസരം കിട്ടുന്നതിൽ അതിയായ സന്തോഷത്തിലാണ്. രാഹുലിന്‍റെ അഭാവം ഒരിക്കലും വയനാട്ടുകാരെ അറിയിക്കില്ല. 20 വർഷമായി റായ്ബറേലിയിൽ പ്രവർത്തിക്കുന്നതിനാൽ മണ്ഡലവുമായി നല്ല ബന്ധമാണ്, ഈ ബന്ധം ഒരിക്കലും തകരില്ല’ - എന്നാണ് പ്രിയങ്ക ആദ്യമായി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.