മുഖ്യമന്ത്രി പദം നിലനിർത്താൻ ജയം അനിവാര്യം; ഭവാനിപുരിൽ മത്സരത്തിനൊരുങ്ങി മമത
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വന്തം മണ്ഡലമായ ഭവാനിപുർ ഉൾപ്പെടെ നാലിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ബംഗാളിലെ മൂന്നും ഒഡിഷയിലെ ഒന്നും മണ്ഡലത്തിൽ ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ശനിയാഴ്ച വാർത്തസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യമറിയിച്ചത്. ഇതിൽ ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിൽ നിന്നും ബി.ജെ.പിയിലേക്ക് ചുവടുമാറിയ സുവേന്ദു അധികാരിക്കെതിരെ മത്സരിക്കാനായിരുന്നു മമത സ്വന്തം മണ്ഡലമായ ഭവാനിപുരിനെ കൈവിട്ടത്. നന്ദിഗ്രാമിൽ സുവേന്ദുവിനോട് തോറ്റെങ്കിലും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ മമതക്ക് കഴിഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദത്തിലേറി ആറു മാസത്തിനകം ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് വിജയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഭവാനിപുർ വഴി വീണ്ടും സഭയിലെത്താമെന്നാണ് മമതയുടെ കണക്കുകൂട്ടൽ.
ഒരിക്കൽ കൈവിട്ടെങ്കിലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളിൽ വീണ്ടും വിശ്വാസമർപ്പിക്കാനാണ് മമതയുടെ തീരുമാനമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. നിയമസഭ തെരഞ്ഞെടുപ്പിൽ ഭവാനിപുരിൽ മത്സരിച്ച ത്രിണമൂൽ സ്ഥാനാർഥി സോവൻദേബ് ചദോപാധ്യായ ഫലപ്രഖ്യാപനം വന്ന ഉടൻ രാജിവെച്ച് മമതക്കായി മണ്ഡലം ഒഴിച്ചിട്ടിരുന്നു.
ഈ മാസം ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 13നാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ.ഭവാനിപുർ കൂടാതെ ബംഗാളിലെ സംസർഗഞ്ച്, ജങ്കിപുർ, ഒഡിഷയിലെ പിപ്ലി എന്നീ മണ്ഡലങ്ങളിലാണ് ഈ മാസം 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് വ്യാപനവും സ്ഥാനാർഥിയുടെ മരണവും മൂലമാണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.