കളി തുടങ്ങിയിട്ടേയുള്ളൂ, 2024 ൽ ബി.ജെ.പിയെ തറപറ്റിക്കുമെന്ന് മമത; കൂടെയുള്ളവർ ഇവരൊക്കെ
text_fields2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേർന്ന് ബി.ജെ.പിയെ തറപറ്റിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. 'മനസിന്റെ വർത്തമാനം' 'മനസിന്റെ വേദന'യായി മാറുന്നത് ഉടനെ കാണാമെന്നും നരേന്ദ്ര മോദിയെ ലക്ഷ്യംവെച്ചുകൊണ്ട് അവർ പറഞ്ഞു.
എം.എൽ.എമാർക്ക് പത്തുകോടിയും മന്ത്രി പദവിയും വാഗ്ദാനം ചെയ്താണ് ജാർഖണ്ഡിൽ സർക്കാറിനെ അട്ടിമറിക്കാൻ അവർ ശ്രമിച്ചത്. കൈയ്യോടെ പിടികൂടിയാണ് ആ ശ്രമം നമ്മൾ തകർത്തതെന്നും പാർട്ടി പരിപാടിയിൽ മമത പറഞ്ഞു. ബി.ജെ.പിയോട് ഏറ്റുമുട്ടാൻ തയാറെടുക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു.
കളി തുടങ്ങിയിട്ടേയുള്ളൂ. സമാധാനപരമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അതിന് ശേഷം 2024 ലെ തെരഞ്ഞെടുപ്പിൽ നമ്മളെങ്ങിനെയാണ് കളിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണൂവെന്നും അവർ പാർട്ടി നേതാക്കളോട് പറഞ്ഞു.
300 ഒാളം സീറ്റിന്റെ അഹങ്കാരം ബി.ജെ.പി മുന്നണിയെ തകർക്കും. രാജീവ് ഗാന്ധിക്ക് 400 സീറ്റ് കിട്ടിയിരുന്നെന്നും അത് നിലനിന്നിട്ടില്ലെന്നും മമത ഒാർമിപ്പിച്ചു.
2024 നുള്ള ഒരുക്കങ്ങൾ ബംഗാളിൽ തുടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. നിതീഷ് കുമാറും അഖിലേഷ് യാദവും ഹേമന്ത് സോറനും കൂടെയുണ്ട്. എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കുന്നുണ്ട്. 2024 ൽ ബി.ജെ.പിയുടെ അഹങ്കാരം അവസാനിക്കുമെന്നും അവർ പറഞ്ഞു.
ഇ.ഡിയെയും സി.ബി.ഐയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നത്. അവരുടെ അത്തരം തന്ത്രങ്ങൾ അവരെ പരാജയത്തോടടുപ്പിക്കുകയാണെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.