ഇൻഡ്യ മുന്നണിയുടെ ഭാഗമാകാനില്ല; ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇൻഡ്യ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസുമായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് മമതയുടെ പിൻമാറ്റം. ചർച്ചയിൽ സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിർദേശം കോൺഗ്രസ് തള്ളിയതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്. ചർച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാൻ തയാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു.
സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് തുടക്കം മുതൽ തൃണമൂലും കോൺഗ്രസും തമ്മിൽ തർക്കം നിലനിന്നിരുന്നു.മമത ബാനർജി അവസരവാദിയാണെന്നും പശ്ചിമബംഗാളിൽ മത്സരിക്കാൻ അവരുടെ കരുണ വേണ്ടെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കണമെന്ന് കോൺഗ്രസിന് അറിയാമെന്നും ബംഗാളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് സ്വന്തം നിലക്ക് തന്നെ ബി.ജെ.പിയെയും തൃണമൂലിനെയും പരാജയപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മമത ഒരു അവസരവാദിയാണ്. അവർ 2011ൽ അധികാരത്തിലേക്ക് വന്നത് കോൺഗ്രസിന്റെ കാരുണ്യത്തിലായിരുന്നുവെന്നത് മറക്കരുതെന്നും അധിർ ചൗധരി ഓർമിപ്പിച്ചു.
തൊട്ടുപിന്നാലെ അത്തരം ഓർമപ്പെടുത്തലിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി അധിർ രഞ്ജൻ ചൗധരിയെ തിരുത്തി. സീറ്റ് പങ്കുവെക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അതെ കുറിച്ച് ഇപ്പോൾ പരസ്യ പ്രസ്താവന നടത്തുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. മമതയും അവരുടെ പാർട്ടിയും ഞങ്ങൾക്കൊപ്പമുണ്ട്. ചില സമയത്ത് അവരുടെ നേതാക്കൾ എന്തെങ്കിലുമൊക്കെ പറയും. അതുപോലെ ഞങ്ങളുടെ നേതാക്കളും. അതൊക്കെ സ്വാഭാവികമാണ്. അത്തരം പ്രസ്താവനകൾ കാര്യമാക്കാറില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 42 സീറ്റുകൾ കോൺഗ്രസിന് മത്സരിക്കാൻ വിട്ടുനൽകാമെന്ന തൃണമൂലിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.