‘തീകൊണ്ട് കളിക്കരുത്’– ആർ.എസ്.എസിന് താക്കീതുമായി മമത
text_fieldsകൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാറിെൻറ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച സംഘപരിവാർ സംഘടനകൾക്ക് ശക്തമായ താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘ആർ.എസ്.എസും അനുബന്ധസംഘടനകളും തീകൊണ്ട് കളിക്കരുതെന്ന് മമത പറഞ്ഞു. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ് ദള്‍ തുടങ്ങിയ സംഘടനകളെയാണ് മമത താക്കീതു ചെയ്തത്.
വീടുകളിലും പൂജാ മന്ദിരങ്ങളിലും നടക്കുന്ന വിജയദശമി ആഘോഷങ്ങൾ നിർത്തലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന വ്യാജ പ്രചരണം ഉയരുന്നുണ്ട്. ഒക്ടോബർ ഒന്നിന് ഏകാദശിയും മുഹറവും ഒരുമിച്ചു വരുന്നതിനാൽ ആ ദിവസം ദുർഗ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പാടില്ലെന്നാണ് അറിയിച്ചത്. ഒക്ടോബർ രണ്ടു മുതൽ നാലുവരെ ഘോഷയാത്രകൾക്കോ മറ്റ് ആഘോഷങ്ങൾക്കോ തടസമില്ല. പൂജാ ആഘോഷങ്ങൾ വിലക്കുകയല്ല, മുഹറത്തോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും മമത വ്യക്തമാക്കി.
നേരത്തെ വിജയദശമിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്വകാര്യ, മതകേന്ദ്രങ്ങളിൽ ആയുധ പൂജ നടത്തുമെന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
മുസ്ലിം വിഭാഗങ്ങളുടെ ദുഃഖാചരണ ദിനമായ മുഹറത്തിന് ദുർഗാ പൂജയുടെ ഭാഗമായി വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയാറെടുക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിറകെ മുഹറം ദിനത്തിലെ ആഘോഷങ്ങള്‍ക്ക് സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് വിഗ്രഹ നിമഞ്ജന ഘോഷയാത്രക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് തള്ളിയ സംഘപരിവാര്‍ ആഘോഷങ്ങള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാടിെൻറ സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന മമതയുടെ ആഹ്വാനം.
സംസ്ഥാനത്ത് എവിടെയെങ്കിലും ആയുധ പൂജ നടക്കുന്നുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.