പ്രതിപക്ഷ ഐക്യ നീക്കത്തിന് തിരിച്ചടി; ലോക്സഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തനിച്ചു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചതിനു പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്. ഇവിടെ കോൺഗ്രസും ഇടതുപക്ഷവും ബി.ജെ.പിയും വർഗീയ കാർഡാണ് കളിച്ചതെന്നും മമത ആരോപിച്ചു.
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടതു പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതാണ് മമത ബാനർജിയെ ചൊടിപ്പിച്ചത്. ബംഗാളിലെ സാഗർദീഘി മണ്ഡലത്തിൽ നിന്ന് ബയ്റോൺ ബിശ്വാസ് ആണ് തൃണമൂൽ കോൺഗ്രസിലെ ദേബശിഷ് ബാനർജിയെ തോൽപിച്ചത്.
ബയ്റോൺ ബിശ്വാസ് ജയിച്ചതോടെ കോൺഗ്രസിന് ബംഗാളിൽ ആദ്യ എം.എൽ.എയെയാണ് ലഭിച്ചത്. പി.സി.സി പ്രസിഡന്റ് അധീർ ചൗധരിയുടെ സ്വന്തം ജില്ലയായ മുർഷിദാബാദിൽപെട്ട മണ്ഡലത്തിൽ വിജയം കോൺഗ്രസിന് അനിവാര്യമായിരുന്നു.
സംസ്ഥാന മന്ത്രി സുബ്രത സാഹയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.