പശ്ചിമ ബംഗാളിൽ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മമത ബാനർജി
text_fieldsന്യൂഡൽഹി: അധ്യാപന കുംഭകോണത്തിൽ പെട്ട് പാർഥ ചാറ്റർജിയെ പുറത്താക്കിയതിനു പിന്നാലെ പശ്ചിമ ബംഗാളിൽ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. അഞ്ചു പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും മമത സൂചിപ്പിച്ചു. '
'സുബ്രത മുഖർജി, സാധൻ പാണ്ഡെ എന്നിവരെ പശ്ചിമ ബംഗാളിനു നഷ്ടമായി. പാർഥ ജയിലിലുമായി. അവരുടെയെല്ലാം ജോലി എനിക്ക് ഒറ്റയ്ക്കു നിർവഹിക്കാൻ സാധ്യമല്ല''- മമത പറഞ്ഞു. നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കാൻ പദ്ധതിയില്ലെന്നും മമത വ്യക്തമാക്കി. സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 23ൽ നിന്ന് 30ആയി വർധിച്ചു. സുന്ദർബൻ, ഇച്ഹെമാടി, റാണാഘട്ട്, ബിഷ്ണുപുർ,ജാൻഗിപുർ,ബെഹ്റാംപുർ,ബസിർഹത് എന്നിവയാണ് പുതിയ ജില്ലകൾ-മമത പറഞ്ഞു.
അധ്യാപന കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ജൂലൈ 28നാണ് പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയത്.
പാർഥയുടെ സഹായിയായ നടിയും മോഡലുമായ അർപിത ചാറ്റർജിയുടെ കൊൽക്കത്തയിലെ ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപ ഇ.ഡി പിടികൂടിയിരുന്നു. ഈ പണം മുഴുവൻ പാർഥയുടെതാണെന്നാണ് അർപിത ഇ.ഡിക്കു മൊഴി നൽകിയത്. എന്നാൽ പണം തന്റേതല്ലെന്നും സത്യം വൈകാതെ പുറത്തുവരുമെന്നുമാണ് പാർഥ മാധ്യമങ്ങളോട് പറഞ്ഞത്. പാർഥ അഴിമതിക്കേസിൽ അറസ്റ്റിലായതോടെ മമത സർക്കാരിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.