മമതയെ പിന്നിൽ നിന്ന് തള്ളിയതാകാമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഡോക്ടർ
text_fieldsകൊൽക്കത്ത: വീട്ടിൽ വീണ് ഗുരുതര പരിക്കേൽക്കുകയും കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്ത പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോഗ്യനില തൃപ്തികരം. കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം മമതയെ വസതിയിൽ സന്ദർശിച്ച് പരിശോധനകൾ നടത്തി.
അതേസമയം, വീഴ്ചക്ക് പിന്നിൽ ‘പിറകിൽ നിന്നുള്ള തള്ളൽ’ ആകാമെന്ന മമതയെ പരിശോധിച്ച ഗവ. എസ്.എസ്.കെ.എം ആശുപത്രി ഡയറക്ടർ മോനിമോയ് ബന്ധോപാധ്യായയുടെ പ്രസ്താവന വിവാദമായി. ഇതോടെ, തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
മുഖ്യമന്ത്രിക്ക് പിന്നിൽ നിന്ന് ഒരു തള്ളൽ അനുഭവപ്പെടുകയും തുടർന്ന് വീണുവെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് മോനിമോയ് വിശദീകരിച്ചു. അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. കൂടുതലൊന്നും പറയാൻ കഴിയില്ല. എന്‍റെ ജോലി ചികിത്സ നൽകുക എന്നതാണ് -അദ്ദേഹം പ്രതികരിച്ചു.
നെറ്റിയിലും മൂക്കിനും പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് മമതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന്‍റെ ചിത്രങ്ങളടക്കം പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
നെറ്റിയിൽ മൂന്നും മൂക്കിന് ഒന്നും തുന്നലിട്ടിട്ടുണ്ട്. നിരീക്ഷണത്തിനായി അഡ്മിറ്റാകാൻ നിർദേശിച്ചെങ്കിലും മുഖ്യമന്ത്രി വീട്ടിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു.
അനന്തരവൻ അഭിഷേക് ബാനർജിയും സഹോദര ഭാര്യ കാജരി ബാനർജിയും ഏതാനും ബന്ധുക്കളുമാണ് സംഭവം നടക്കുമ്പോൾ വസതിയിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.