2024ൽ ഒരുമിച്ച് പോരാടാം, കോൺഗ്രസിന് പിന്തുണയുമായി മമത ബാനർജി
text_fieldsകൊൽക്കത്ത: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ ക്യാമ്പുകളിൽ ചിലനേതാക്കളെയെങ്കിലും പുനർവിചിന്തനത്തിലേക്ക് നയിച്ചിട്ടുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി മമതാ ബാനർജി, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തന പരിഹാരം നിർദ്ദേശിച്ചു. കോൺഗ്രസ് ശക്തമാവുന്നിടത്തെല്ലാം അവർ പോരാടട്ടെ, ഞങ്ങൾ അവരെ പിന്തുണയ്ക്കും, പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പലപ്പോഴും ആഹ്വാനം ചെയ്യാറുണ്ട്, എന്നാൽ തന്റെ പാർട്ടിക്കെതിരെ അണിനിരക്കുന്നതിനും പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ സഹായിക്കുന്നതിനും കോൺഗ്രസിനെ മമത കുറ്റപ്പെടുത്തി.
2024-ലെ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ നിർണായക പങ്ക് ലഭിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബാനർജി ആവർത്തിച്ചു. 'പ്രാദേശിക പാർട്ടികൾ ശക്തമാകുന്നിടത്ത് ബി.ജെ.പിക്ക് പോരാടാനാവില്ല. കർണാടക വിധി ബി.ജെ.പിക്കെതിരായ വിധിയാണ്. ജനങ്ങൾ വിരോധത്തിലാണ്. അതിക്രമങ്ങൾ നടക്കുന്നു. സമ്പദ്‌വ്യവസ്ഥ തകർന്നു. ജനാധിപത്യാവകാശങ്ങൾ ബുൾഡോസർ ചെയ്യുന്നു, ഗുസ്തിക്കാരെപ്പോലും വെറുതെവിടുന്നില്ല,' മമത ബാനർജി പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയെ വീഴ്ത്താൻ പുതിയ തന്ത്രമാണ് മമത മുന്നോട്ട് വെക്കുന്നത്.
'അവരുടെ പ്രദേശത്ത് ശക്തരായവർ ഒരുമിച്ച് പോരാടണം, നമുക്ക് ബംഗാൾ എടുക്കാം, ബംഗാളിൽ നമ്മൾ (തൃണമൂൽ) പോരാടണം, ഡൽഹിയിൽ എഎപി പോരാടണം. ബീഹാറിൽ അവർ ഒരുമിച്ചാണ്, നിതീഷ്ജി (നിതീഷ് കുമാർ), തേജസ്വി (യാദവ്), കോൺഗ്രസ് എന്നിവർ ഒരുമിച്ചാണ്. അവർ തീരുമാനിക്കും. അവരുടെ ഫോർമുല എനിക്ക് തീരുമാനിക്കാൻ കഴിയില്ല. ചെന്നൈയിൽ അവർ (എം.കെ. സ്റ്റാലിന്റെ ഡി.എം.കെ.യും കോൺഗ്രസും) സൗഹൃദമാണ്. അവർക്ക് ഒരുമിച്ച് പോരാടാം. യുപിയിൽ അഖിലേഷിന് യാദവിന് മുൻഗണന നൽകണം. അജിത് സിങ്ങും അവിടെയുണ്ട്, കോമ്പിനേഷനുമുണ്ട്. അവിടെ കോൺഗ്രസ് പോരാടേണ്ടെന്ന് ഞാൻ പറയുന്നില്ല. നമുക്ക് തീരുമാനിക്കാം. അത് അവസാന ഘട്ടത്തിലല്ല. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ, നമുക്ക് ഈ വിഷയം വിശദമായി ചർച്ച ചെയ്യാം.,' പ്രതിപക്ഷ മുന്നണിയുടെ കാര്യത്തിൽ കോൺഗ്രസ് ചർച്ചകളുടെ ഭാഗമാണെന്നും ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.