മമതയുടെ പ്രതിഷേധം തുടരുന്നു; ആരോപണം അടിസ്ഥാന രഹിതമെന്ന് സൈന്യം
text_fieldsകൊല്‍ക്കത്ത: ബംഗാളിലെ ടോള്‍ പ്ലാസകളിൽ കേന്ദ്രം സൈന്യത്തെ വിന്യസിച്ചതിൽ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സെക്രട്ടേറിയേറ്റിൽ തുടരുന്നു. കഴിഞ്ഞ രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തങ്ങിയ മമത നിയമസഭാ സമ്മേളനത്തിന് പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തിറങ്ങാൻ ഇതുവരെ അവർ തയാറായിട്ടില്ല. താൻ ഇവിടെ ജനാധിപത്യത്തിന് കാവലിരിക്കുകയാണെന്ന് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റിലെത്തിയ മമത ബാനര്‍ജി രാത്രി മുഴുവനും ഫോഫിസിൽ തന്നെ തുടരുകയായിരുന്നു. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നുള്ള പ്രതികാര നടപടികളാണ് അരങ്ങേറുന്നതെന്ന് ഇന്ന് രാവിലെ മാധ്യമങ്ങളോട് മമത പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് നടക്കുന്ന അസാധരണമായ സൈനികനീക്കത്തെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും. മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ അവരുടെ ഓഫീസനടുത്തുള്ള ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം പിന്‍വലിഞ്ഞിരുന്നു. പക്ഷെ സമരം പിൻവലിക്കാൻ മമത തയാറായിട്ടില്ല.
ഇന്ന് രാത്രി എന്ത് സംഭവിക്കും എന്നെനിക്ക് അറിയില്ല, ഞാനിവിടെ ജനാധിപത്യത്തിന് കാവലിരിക്കുകയാണ്. ഇവിടുത്തെ ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം പിന്മാറിയിരിക്കാം എന്നാല്‍ സംസ്ഥാനത്തെ മറ്റു 18 ജില്ലകളിലും സൈന്യമുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്ക് മാധ്യമങ്ങളെ കണ്ട മമത പറഞ്ഞു.
അതേസമയം, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വർഷം തോറും നടക്കുന്ന പതിവ് പരിപാടിയുടെ ഭാഗമായാണ് സൈന്യം ടോള്‍ ബൂത്തിലെത്തിയതെന്ന് മേജർ ജനറൽ സുനിൽ യാദവ് പറഞ്ഞു. പാലങ്ങളിലൂടേയും ദേശീയപാതകളിലൂടേയും കടന്നു പോകുന്ന ചരക്കുവാഹനങ്ങളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. തങ്ങൾ ടോൾ പിരിച്ചെടുക്കുന്നുവെന്ന വാർത്തയും സൈന്യം നിഷേധിച്ചു.
അസം, അരുണാചൽ പ്രദേശ്, മേഘാലയ, ത്രിപുര, മിസോറാം, സിക്കിം തുടങ്ങിയ രാജ്യങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ നടന്നുവരികയാണെന്നും സൈന്യം അറിയിച്ചു.
തൃണമൂൽ അംഗങ്ങൽ രാജ്യസഭയിലും വിഷയം ഉന്നയിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സമാനമായ പരിശോധനകൾ സൈന്യം നടത്തിയതായി വെങ്കയ്യ നായിഡു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.