മമത മുംബൈയിൽ; പവാറുമായി ഇന്ന് കൂടിക്കാഴ്ച
text_fieldsമുംബൈ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുംബൈയിലെത്തി. സിദ്ധിവിനായക ക്ഷേത്രവും മുംബൈ ഭീകരാക്രമണ രക്തസാക്ഷി തുക്കാറാം ഒമ്പാലെ സ്മാരകവും സന്ദർശിച്ച മമത ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്ജയ് റാവുത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ കാണും. നേരത്തേ, തൃണമൂൽ കോൺഗ്രസിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഉപദേഷ്ടാവായ പ്രശാന്ത് കിഷോറുമായി പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏപ്രിലിൽ നടക്കുന്ന ബംഗാൾ ഗ്ളോബൽ ബിസിനസ് സബ്മിറ്റിെൻറ ഭാഗമായി നഗരത്തിലെ വ്യവസായികളുമായി കൂടിക്കാഴ്ചയും നടത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താനിരുന്നതാണ്. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ ഒഴിവാക്കുകയായിരുന്നു.
ഗോവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എൻ.സി.പി, തൃണമൂൽ നേതാക്കളുടെ കൂടിക്കാഴ്ച. ഇരുവരും ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. ദേശീയ, പ്രദേശിക വിഷയങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച നടത്തിയേക്കും.
പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തോട് അനുബന്ധിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് മമതയും തൃണമൂൽ നേതാക്കളും വിട്ടുനിന്നിരുന്നു. എന്നാൽ, കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ മുന്നണി സാധ്യമാകില്ലെന്നാണ് പവാറിന്‍റെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.