മുഖ്യമന്ത്രിയല്ല, നിങ്ങളുടെ സ്വന്തം ദീദിയാണ് വന്നിരിക്കുന്നത്; സമരം നടത്തുന്ന ഡോക്ടർമാരോട് മമത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ പണിമുടക്കി ആരോഗ്യവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന ധർണ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്ച നേരിട്ടെത്തി. ആർ.ജി കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ നീതിതേടിയാണ് ചൊവ്വാഴ്ച മുതൽ ഇവർ ധർണ തുടങ്ങിയത്.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മമത ഉറപ്പു നൽകിയെങ്കിലും ജൂനിയർ ഡോക്ടർമാർ വഴങ്ങിയില്ല. ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം പിൻവലിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സാൾട്ട് ലേക്കിലെ സ്വാസ്ഥ്യ ഭവനു മുന്നിൽ സമരക്കാരെ കണാനെത്തിയ മമതയെ ‘തങ്ങൾക്ക് നീതിവേണം’ എന്ന മുദ്രാവാക്യവുമായാണ് ഡോക്ടർമാർ വരവേറ്റത്. ജൂനിയർ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കില്ലെന്നും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തില്ലെന്നും മമത പറഞ്ഞു. ബി.ജെ.പി സർക്കാർ ഉത്തർപ്രദേശിൽ എല്ലാ സമരങ്ങളും റാലികളും അവശ്യ സേവന നിയമപ്രകാരം തടഞ്ഞു. ഇതുപോലെയൊന്നും ഞാൻ ചെയ്യില്ല. ബംഗാൾ ഉത്തർപ്രദേശല്ല.
മുഖ്യമന്ത്രിയായല്ല, നിങ്ങളുടെ മുതിർന്ന സഹോദരിയായാണ് ഇവിടെ വന്നത്. കനത്ത മഴക്കിടയിൽ ഡോക്ടർമാർ സമരംചെയ്യുന്നതിനാൽ തനിക്ക് ദിവസങ്ങളായി ഉറങ്ങാൻ പറ്റുന്നില്ല. ജൂനിയർ ഡോക്ടർമാർ ജോലിക്കെത്തണം. സർക്കാർ ആശുപത്രികളിൽ രോഗികളുടെ േക്ഷമത്തിനായുള്ള കമ്മിറ്റി ഉടൻ പിരിച്ചുവിടാം. സമരം അവസാനിപ്പിക്കാനുള്ള തന്റെ അവസാന ശ്രമമാണിതെന്നും മമത കൂട്ടിച്ചേർത്തു. ഡി.ജി.പി രാജീവ് കുമാറിനൊപ്പം ഉച്ചക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി എത്തിയത്.
സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുക, ആർ.ജി കർ മെഡിക്കൽ കോളജിലെ മുതിർന്ന ഉദ്യോഗസ്ഥരെ നീക്കുക തുടങ്ങിയവയാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ. ഒരു മാസമായി ജൂനിയർ ഡോക്ടർമാർ പ്രതിഷേധം തുടരുന്നതിനാൽ ചികിത്സ ലഭിക്കാതെ 29 പേർ മരിച്ചതായി സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.