സന്നാഹങ്ങളുമായി ദീദി ഗോവക്ക്; ഒപ്പം പടനായകൻ പ്രശാന്ത് കിഷോറും െഎ പാക് സൈന്യവും
text_fieldsപശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗോവ സന്ദർശിക്കാനൊരുങ്ങുന്നു. പുതിയൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുത്താണ് ദീദിയുടെ ഗോവൻ യാത്ര. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാനാണ് ടി.എം.സി പദ്ധതി. തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറും മമതക്കൊപ്പം ഗോവയിലെത്തും. പ്രശാന്ത് കിഷോറിെൻറ സ്ട്രാറ്റജിക് ടീമായ െഎ പാകിൽ നിന്നുള്ള 200 പേരടങ്ങുന്ന സംഘവും ടിഎംസിക്കായി ഗോവയിൽ പ്രവർത്തിക്കും. ബംഗാൾ തെരഞ്ഞെടുപ്പിൽ മമതയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോറാണ്. 2022 ഫെബ്രുവരിയിലാണ് ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ നിർണായക വിജയം നേടിയ ശേഷം, 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ തൃണമൂലിെൻറ സ്വാധീനം വിപുലീകരിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് മമത. 2023 ൽ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ തൃണമൂലിെൻറ ശക്തമായ മുന്നേറ്റം ഇതിനകം ദൃശ്യമാണ്. ബിജെപിയാണ് നിലവിൽ ത്രിപുര ഭരിക്കുന്നത്.
തങ്ങളുടെ എംപിമാരുടെ സംഘത്തെ ഗോവയിലേക്ക് അയയ്ക്കാനും ടി.എം.സി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചില നേതാക്കളുമായി ഇവർ ഇതിനകം നിരവധി കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയും ഗോവ സന്ദർശിക്കുമെന്നാണ് സൂചന. ഗോവയിൽ 40 നിയമസഭാ സീറ്റുകളാണുള്ളത്. ത്രിപുരയേക്കാൾ ചെറിയ എണ്ണമാണിത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റുകളും ഭാരതീയ ജനതാ പാർട്ടി 13 സീറ്റുകളും നേടി. എന്നിട്ടും ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഗോവയിൽ കോൺഗ്രസ് ദുർബലമാണെന്ന വസ്തുത പാർട്ടിക്ക് പ്രയോജനപ്പെടുത്താമെന്നാണ് ടി.എം.സി വൃത്തങ്ങൾ കരുതുന്നത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ടിഎംസി, മമത ബാനർജിക്ക് മാത്രമേ ബിജെപിയെ തടയാൻ കഴിയൂ എന്ന ധാരണ രാജ്യമെമ്പാടും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
അഭിഷേക് ബാനർജി ജനറൽ സെക്രട്ടറിയായ ശേഷം പാർട്ടിയുടെ ദേശീയ താൽപ്പര്യങ്ങൾ വർധിച്ചിട്ടുണ്ട്. ഇതോടൊപ്പം ആം ആദ്മി പാർട്ടിയുടെ കണ്ണും ഗോവയിലാണ്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി നല്ല ബന്ധമാണ് മമത ബാനർജിക്കുള്ളത്. ഗോവയുമായി ബന്ധപ്പെട്ട് ഇരുകക്ഷികൾക്കും എന്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞാൽ അത് കൂടുതൽ ഫലപ്രദമാകുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.