ആർ.എസ്.എസ് അത്രമോശമല്ലെന്ന് മമത; എതിർത്ത് കോൺഗ്രസും സി.പി.എമ്മും
text_fieldsകൊൽക്കത്ത: ആർ.എസ്.എസ് അത്രമോശമല്ലെന്നും ബി.ജെ.പിയെ പിന്തുണക്കാത്ത നിരവധി പേർ ആർ.എസ്.എസിലുണ്ടെന്നുമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ വിവിധ പാർട്ടികൾ രംഗത്ത്. കഴിഞ്ഞദിവസം ഒരു ചടങ്ങിലാണ് മമത ആർ.എസ്.എസിൽ നല്ലവരുമുണ്ടെന്ന് പ്രസംഗിച്ചത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് ആത്മാർഥതയില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു. മമത ആർ.എസ്.എസിന്റെ 'സന്തതി'യാണെന്ന ഇടത് പാർട്ടികളുടെ നിലപാടിന് മറ്റൊരു തെളിവുകൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിനോട് മമത നേരത്തേയും അടുപ്പം പുലർത്തുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഇടതുമുന്നണി സർക്കാറിനെ അട്ടിമറിക്കണമെന്ന് ആർ.എസ്.എസ് വേദിയിൽ ആവശ്യപ്പെട്ട നേതാവാണ് മമതയെന്നും വീണ്ടും തനിനിറം പുറത്തായെന്നും ചൗധരി പറഞ്ഞു. 2003ൽ ആർ.എസ്.എസിനെ രാജ്യസ്നേഹികളെന്ന് വിളിച്ച മമതയെ തിരിച്ച് ദുർഗയെന്ന് ആർ.എസ്.എസും വിശേഷിപ്പിച്ചത് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി ചൂണ്ടിക്കാട്ടി. ഉവൈസിയുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് തൃണമൂൽ എം.പി സൗഗത റോയി പറഞ്ഞു. അതേസമയം, രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന നയം മമതയും പാർട്ടിയും തിരുത്തണമെന്ന് ആർ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു. ആർ.എസ്.എസിനും ബി.ജെ.പിക്കും മമതയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.