‘കൈ’വിട്ട് മമത
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് പശ്ചിമ ബംഗാളിൽ മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത്സിങ് മാൻ. ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹം.
സീറ്റ് പങ്കിടൽ ശ്രമങ്ങൾ മുന്നോട്ടുനീക്കിയതിനിടയിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ പ്രതിപക്ഷ പൊതുവേദിയായ ‘ഇൻഡ്യ’യുടെ കെട്ടുറപ്പിനെക്കുറിച്ച സംശയങ്ങൾ വർധിപ്പിച്ചു. എന്നാൽ, ദേശീയ നേതൃനിരയുടെ ഇടപെടലിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് കോൺഗ്രസ് അടക്കം വിവിധ പ്രതിപക്ഷ പാർട്ടികൾ.
കോൺഗ്രസുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്ന് മമത ബാനർജി പറഞ്ഞു. ബംഗാളിൽ തൃണമൂൽ ഒറ്റക്ക് ബി.ജെ.പിയെ നേരിടുമെന്ന് നേരത്തെതന്നെ പറഞ്ഞതാണ്. പല നിർദേശങ്ങളും കോൺഗ്രസിനു മുന്നിൽ വെച്ചെങ്കിലും അവർ തള്ളുകയാണ് ചെയ്തത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്തു ചെയ്യുന്നുവെന്നത് തനിക്ക് വിഷയമല്ല. മതനിരപേക്ഷ പാർട്ടിയെന്ന നിലയിൽ ബംഗാളിൽ ബി.ജെ.പിയെ ഒറ്റക്ക് നേരിട്ട് തോൽപിക്കും -മമത പറഞ്ഞു. ജോഡോ യാത്ര വ്യാഴാഴ്ച ബംഗാളിലേക്ക് വരുകയാണെങ്കിലും, ‘ഇൻഡ്യ’യിൽ പങ്കാളിയായ തങ്ങളെ അറിയിക്കാൻപോലുമുള്ള മര്യാദ കോൺഗ്രസ് കാണിച്ചില്ല. ബംഗാളിൽ താനുമായി ഒരു ബന്ധവുമില്ലെന്നാണ് അതിന്റെ അർഥം. ‘ഇൻഡ്യ’ മുന്നണി രാജ്യത്ത് ഉണ്ടാകുമെന്നും മമത കൂട്ടിച്ചേർത്തു.
മമതയില്ലാത്ത ‘ഇൻഡ്യ’ മുന്നണിയെക്കുറിച്ച് ചിന്തിക്കാൻ തന്നെ കഴിയില്ലെന്നാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ഇതിനോട് പ്രതികരിച്ചത്. ബംഗാളിൽ ‘ഇൻഡ്യ’ കക്ഷികൾ ഒന്നിച്ചുനിന്ന് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ തോൽപിച്ച് ആപ് അധികാരം പിടിച്ച പഞ്ചാബിൽ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനീങ്ങാൻ പറ്റില്ലെന്ന്, ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞത്. ഡൽഹിയിൽ യോജിച്ചുനീങ്ങാൻ ആപ് നേതൃത്വം ചർച്ച തുടരുമ്പോൾ തന്നെയാണിത്. 13 സീറ്റിലും ആപ് മത്സരിക്കുമെന്നാണ് മാൻ നൽകിയ സൂചന.
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിയും സഖ്യകക്ഷി നേതാവുമായ തേജസ്വി യാദവിനെ ഒഴിവാക്കി കഴിഞ്ഞ ദിവസം ഗവർണറെ കാണാൻ പോയതാണ് ചാഞ്ചാട്ടത്തെക്കുറിച്ച അഭ്യൂഹത്തിന് ഒരു കാരണം. എന്നാൽ, ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഗവർണറെ കണ്ടതെന്ന് ജെ.ഡി.യു വൃത്തങ്ങൾ വിശദീകരിച്ചു. നിതീഷ് തിരിച്ചുവരുന്നെങ്കിൽ, അക്കാര്യത്തിൽ ചർച്ചയാകാമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.