മാനസികനില തെറ്റിയ മമതയെ ആശുപത്രിയിലാക്കൂ; തൃണമൂലിനോട് ബി.ജെ.പി
text_fieldsകൊല്‍ക്കത്ത: ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം തുടരുന്ന മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. സംസ്ഥാനത്തിന്‍റെ അനുവാദമില്ലാതെ കേന്ദ്രം പശ്ചിമ ബംഗാളിൽ വിന്യസിച്ച സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ തന്‍െറ ഓഫിസ് വിട്ട് പുറത്തിറങ്ങില്ലെന്നാണ് മമതയുടെ തീരുമാനം. രാത്രി വൈകിയും സെക്രട്ടേറിയേറ്റിൽ തുടർന്ന മമത പുലർച്ചെ രണ്ട് മണിയോടെ പത്ര സമ്മേളനം നടത്തി തന്‍റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചു.
പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ ടോള്‍ബൂത്തുകളിലാണ് ഇന്നലെ കേന്ദ്രം സൈനികരെ വിന്യസിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി കൂടാതെയുള്ള തീരുമാനം ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും എതിരാണെന്നാണ് മമതയുടെ വാദം.
‘‘എനിക്കറിയണം, എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്ന്. ഇവിടെയെന്താ അടിയന്തരാവസ്ഥയാണോ? സൈനികരെ ഉപയോഗിച്ച് മോക്ഡ്രില്‍ നടത്താന്‍പോലും സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി വേണം. പിന്നെയെങ്ങനെയാണ് സംസ്ഥാനത്തിന്‍െറ അനുമതി തേടാതെ സൈനികരെ വിന്യസിക്കുക? എനിക്ക് സെക്രട്ടേറിയറ്റിലിരുന്നാല്‍ സൈന്യം ടോള്‍ബൂത്തില്‍ കാവല്‍നില്‍ക്കുന്നത് കാണാം. അവരെ അവിടന്ന് മാറ്റിയാലല്ലാതെ ഞാന്‍ ഇവിടെനിന്ന് ഇറങ്ങില്ല’’ -മമത വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാന്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ബസുദേബ് ബാനര്‍ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, വിഷയത്തെക്കുറിച്ച് വിവാദപരമായ പ്രസ്താവനകളുമായി ബി.ജെ.പി രംഗത്തെത്തി. ഒറ്റയാളായ മമതയുടെ മാനസിക നില തകരാറിലാണെന്ന് ബി.ജെ.പി നേതാവ് സിദ്ധാർഥ് നാഥ് പറഞ്ഞു. മാനസിക നില തെററിയ ഒരാൾക്ക് മാത്രമേ ഇത്തരത്തിലൊരു ഗൂഢാലോചന സിദ്ധാന്തവുമായി മുന്നോട്ടു വരാൻ കഴിയൂ. അവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാണ് തൃണമൂൽ കോൺഗ്രസിനോട് തനിക്ക് പറയാനുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭ സമ്മേളനത്തിൽ സംബന്ധിക്കാനായി 11 മണിയോടെ മമത സെക്രട്ടേറിയേറ്റിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.