ചെന്നൈയിൽ മമത- സ്റ്റാലിൻ കൂടിക്കാഴ്ച
text_fieldsചെന്നൈ: പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ട് തമിഴ്നാട് മുഖ്യമന്ത്രിയുടെ ചെന്നൈ ആൽവാർപേട്ടയിലെ ക്യാമ്പ് ഹൗസിലെത്തിയാണ് സ്റ്റാലിനെ മമത ബാനർജി കണ്ടത്. ഷാളണിയിച്ച് പുസ്തകം സമ്മാനിച്ചാണ് സ്റ്റാലിൻ വരവേറ്റത്. കനിമൊഴി എം.പി, ടി.ആർ. ബാലു എം.പി, ഉദയനിധി സ്റ്റാലിൻ, ജലവിഭവ മന്ത്രി എസ്. ദുരൈമുരുകൻ തുടങ്ങിയ മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചക്കുശേഷം മമത മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ തങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും സ്റ്റാലിൻ തന്‍റെ സഹോദരനെപ്പോലെയാണെന്നും പറഞ്ഞു.
പശ്ചിമ ബംഗാൾ ഗവർണർ എൽ. ഗണേശന്‍റെ സഹോദരന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് താൻ വന്നത്. എന്നാൽ ഇവിടെ വന്നിട്ട് സ്റ്റാലിനെ കാണാതെ പോകാനാവില്ല. രണ്ട് രാഷ്ട്രീയ നേതാക്കൾ തമ്മിൽ രാഷ്ട്രീയമല്ലാതെ മറ്റു കാര്യങ്ങളും സംസാരിക്കാം. രാഷ്ട്രീയത്തെക്കാൾ വലുതാണ് വികസനമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രാദേശിക രാഷ്ട്രീയകക്ഷികൾ മുഖ്യപങ്ക് വഹിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും അവർ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.