മുസ്‍ലിം വോട്ടർമാരെ കോൺഗ്രസിൽനിന്ന് അടർത്താൻ മമത
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുസ്‍ലിം ന്യൂനപക്ഷത്തെ സി.പി.എമ്മിൽനിന്ന് അടർത്തിയെടുക്കുന്നതിൽ വിജയിച്ച മമത ബാനർജി കോൺഗ്രസിനൊപ്പം അവശേഷിക്കുന്ന മുസ്‍ലിംവോട്ടുകൾകൂടി പിടിച്ചെടുക്കാൻ ലോക്സഭ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നതാണ് ബെർഹാംപുരിലെ യൂസുഫ് പത്താന്റെ സ്ഥാനാർഥിത്വം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽനിന്ന് വിജയിച്ച രണ്ട് കോൺഗ്രസ് എം.പിമാരിൽ ഒരാളും ലോക്സഭയിലെ മുഖ്യ പ്രതിപക്ഷകക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരിക്ക് പത്താൻ കടുത്ത വെല്ലുവിളിയാകും.
പശ്ചിമ ബംഗാളിൽ മുസ്‍ലിം ന്യൂനപക്ഷം സി.പി.എമ്മിനൊപ്പം നിന്ന കാലത്തും കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന മുസ്‍ലിം വോട്ടർമാരാണ് മുർഷിദാബാദ് മേഖലയിലുള്ളവർ. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുർഷിദാബാദ് മണ്ഡലം അബൂ താഹിറിലൂടെ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തു. അതോടെ മുർഷിദാബാദിലെ കോൺഗ്രസിന്റെ ഏക ശക്തികേന്ദ്രം ബെഹറാംപുർ മാത്രമായി. അഞ്ചു ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബെർഹാംപുരിനെ അധീർ രഞ്ജൻ ചൗധരി പ്രതിനിധാനംചെയ്യുന്നത് മുസ്‍ലിം വോട്ടർമാരുടെ പിൻബലത്തിലാണ്. അതിലാണ് യൂസുഫ് പത്താന്റെ വരവ് വിള്ളൽ വീഴ്ത്തുക.
യൂസുഫ് പത്താനും അധീർ രഞ്ജൻ ചൗധരിക്കുമിടയിൽ മുസ്‍ലിം വോട്ടുകൾ ഭിന്നിച്ചാൽ ബി.ജെ.പിയുടെ ഡോ. നിർമൽ കുമാർ സാഹ ജയിക്കുമെന്ന് ആശങ്കയുണ്ട്. ഈ ആശങ്ക തനിക്കനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധീർ രഞ്ജൻ ചൗധരി.
യൂസുഫ് പത്താനെ ആദരിക്കാനാണ് മമത ബാനർജി ആഗ്രഹിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നാണ് ചൗധരി പറഞ്ഞത്. എന്നാൽ, ബംഗാളിന് പുറത്തുള്ളവരെയാണ് മമത തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലെത്തിച്ചതെന്ന് ചൗധരി കുറ്റപ്പെടുത്തി. ബംഗാളിൽ കോൺഗ്രസ് വിജയിച്ച രണ്ടാം മണ്ഡലമായ മാൾഡ സൗത്ത് പിടിക്കാൻ എസ്.ഐ.ഒ മുൻ അഖിലേന്ത്യാ സെക്രട്ടറിയും ഓക്സ്ഫോർഡിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനുമായ ഷാനവാസ് അലി റൈഹാനെയാണ് തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്. ഈ മണ്ഡലത്തിൽ തൃണമൂൽ നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.