ഗോവയിൽ കണ്ണുവെച്ച് തൃണമൂൽ; മമതയുടെ സന്ദർശനത്തിൽ നിരവധി പ്രമുഖർ പാർട്ടിയിലെത്തുമെന്ന്
text_fieldsകൊൽക്കത്ത: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ച് തൃണമൂൽ കോൺഗ്രസും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായി മമത ഗോവയിൽ ഒക്ടോബർ 28ന് രണ്ടുദിവസത്തെ സന്ദർശനം നടത്തും. ഗോവ ഫോർവേർഡ് പാർട്ടിയും (ജി.എഫ്.പി) മഹാരാഷ്ട്രവാദി ഗോമൻതക് പാർട്ടിയും (എം.ജി.പി)യും തൃണമൂലിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മമതയുടെ ഗോവൻ സന്ദർശനം.
പാർട്ടികൾക്ക് പുറമെ നിരവധി നേതാക്കളും തൃണമൂലിൽ എത്തുമെന്നാണ് വിവരം. മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ കോൺഗ്രസിൽനിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിനുപിന്നാലെ ഗോവൻ ഫുട്ബാളർ ഡെൻസിൽ ഫ്രാങ്കോ, ബോക്സൻ ലെന്നി ഡിഗാമ എന്നിവരും തൃണമൂലിലെത്തിയിരുന്നു.
'ഗോവഞ്ചി നവി ഷോക്കൽ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂലിന്‍റെ ഗോവയിലെ പ്രചാരണം. അടുത്തവർഷമാണ് 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
'തീരദേശ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചാണ് മമതയുടെ ഗോവ സന്ദർശനം. മമതയുടെ സന്ദർശനത്തിൽ, ഗോവൻ രാഷ്ട്രീയത്തിലെ ചില പ്രമുഖ മുഖങ്ങൾ തൃണമൂൽ കോൺഗ്രസിലെത്തും. ബി.ജെ.പി വിരുദ്ധ കാഴ്ചപാടുകൾ പങ്കുവെക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും' -തൃണമൂൽ നേതാവ് പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലും മത്സരിക്കാൻ തൃണമൂൽ തീരുമാനിച്ചിരുന്നു. പാർട്ടിയുടെ അജണ്ട തീരുമാനിക്കാൻ എം.പി ഡെറിക് ഒബ്രിയാൻ, സുഖേന്ദു ശേഖർ റോയ്, പ്രസൂൺ ബാനർജി, മനോജ് തിവാരി എന്നിവർ ഗോവയിൽ തമ്പടിക്കുന്നുണ്ട്.
തൃപുരയാണ് ഗോവക്ക് പുറമെ തൃണമൂൽ കണ്ണുവെക്കുന്ന മറ്റൊരു സംസ്ഥാനം. തൃപുര നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റിലും മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.