‘മമതക്ക് പ്രധാനമന്ത്രി അതൃപ്തനാകുമോ എന്ന ഭയം’; സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഇൻഡ്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി അസന്തുഷ്ടനാകുമോ എന്ന ഭയമാണ് മമതക്കെന്നും ഈ നീക്കത്തിലൂടെ താൻ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നില്ലെന്ന് മമത പ്രധാനമന്ത്രിക്ക് വ്യക്തമായ സന്ദേശം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധിർ രഞ്ജൻ ചൗധരിയുടെ മണ്ഡലമായ ബഹറാംപൂരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താനെയാണ് തൃണമൂൽ കളത്തിലിറക്കിയിരിക്കുന്നത്.
‘താൻ ഇൻഡ്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി മോദിക്കെതിരെ നിൽക്കേണ്ടിവരുമെന്നും അദ്ദേഹം ഇ.ഡിയെയും സി.ബി.ഐയെയും തുടർച്ചയായി അയക്കുമെന്നും മമത ഭയപ്പെടുന്നു. ഇത് തൃണമൂലിനെ അപകടത്തിലാക്കും. അതിനാൽ പ്രധാനമന്ത്രി മോദി അസന്തുഷ്ടനാകുന്നത് തടയാൻ, ഇൻഡ്യ സഖ്യത്തിൽ നിന്ന് സ്വയം ഒഴിവാകുന്നതാണ് നല്ലത്. ഈ നീക്കത്തിലൂടെ താൻ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നില്ലെന്ന് മമത പ്രധാനമന്ത്രിക്ക് വ്യക്തമായ സന്ദേശം നൽകിയിരിക്കുകയാണ്. ഏതെങ്കിലും പാർട്ടിയോ നേതാക്കളോ മമതയെ വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്’ -അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള സന്നദ്ധത നിരവധി തവണ അറിയിച്ചിരുന്നതാണെന്നും തൃണമൂലിന് മേൽ എന്ത് സമ്മർദമാണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
‘തൃണമൂലിന് മേൽ എന്ത് സമ്മർദമാണ് ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ല. എന്നാൽ, പശ്ചിമ ബംഗാളിൽ ഇൻഡ്യ സഖ്യം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ടി.എം.സിയുമായി മാന്യമായ സീറ്റ് പങ്കിടൽ ഫോർമുല വേണമെന്ന് കോൺഗ്രസ് എപ്പോഴും ആഗ്രഹിച്ചിരുന്നു. അതിനർഥം പരസ്പര ചർച്ചകളും കൊടുക്കൽ വാങ്ങലുകളും വിട്ടുവീഴ്ചകളുമാണ്. ചർച്ചകൾക്കും സീറ്റ് പങ്കിടൽ ചർച്ചകൾക്കും ഞങ്ങളുടെ വാതിലുകൾ തുറന്നിട്ടുണ്ടെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്, എന്നാൽ സീറ്റുകളുടെ ഏകപക്ഷീയമായ പ്രഖ്യാപനം ഉണ്ടാകരുത്. ബി.ജെ.പിയെ തോൽപിക്കാൻ ഇൻഡ്യ സഖ്യം ഒന്നിച്ചു പോരാടണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ടി.എം.സിയും മമതയും ഇതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതാണ്’ – ജയറാം രമേശ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് ദിവസങ്ങൾക്കകമാണ് തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാറാലിയിലാണ് 42 സ്ഥാനാർഥികളുടെയും പട്ടിക മമത പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.