മമതയുടെ നീക്കം: ഉണർന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മക്ക് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി നടത്തുന്ന സമാന്തര നീക്കങ്ങൾക്കിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി ഡൽഹിയിൽ കൂടിക്കാഴ്ച. പ്രതിപക്ഷ മുന്നണിയുടെ മുഖം ആരെന്നത് ചർച്ച വിഷയമാണെന്നു വരാമെങ്കിലും, കോൺഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന് കൂടിക്കാഴ്ചക്കു ശേഷം സഞ്ജയ് റാവത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസും എൻ.സി.പിയും ഉൾപ്പെട്ട മഹാവികാസ് അഘാഡി സഖ്യസർക്കാറാണ് ഭരിക്കുന്നത്. എന്നാൽ, ഇത്തരമൊരു കൂടിക്കാഴ്ച അപൂർവമാണ്. ഭരണപരമായ കാര്യങ്ങൾ, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വിപുല സഖ്യം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയുടെ വിഷയങ്ങളാണെങ്കിലും, അതേക്കുറിച്ചൊന്നും സഞ്ജയ് റാവത് പറഞ്ഞില്ല. അതേസമയം, ബുധനാഴ്ച അദ്ദേഹം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും കണ്ടേക്കും.
ഡൽഹിയിൽ എത്തിയപ്പോൾ പതിവിനു വിപരീതമായി സോണിയ ഗാന്ധിയെ കാണാതെ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ മമത ബാനർജി തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെത്തി എൻ.സി.പി നേതാവ് ശരദ് പവാറിനെയും മന്ത്രി ആദിത്യ താക്കറെയേയും കണ്ടിരുന്നു. രാഹുൽ ഗാന്ധിയെ വിമർശിക്കുകയും യു.പി.എ സഖ്യം നിലവിലില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസിനെ ഒതുക്കി ദേശീയ രാഷ്ട്രീയത്തിൽ പ്രധാന പ്രതിപക്ഷമാകാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ഇതോടെ പ്രതീതിയായി. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം ഊർജസ്വലതയോടെ കളത്തിലിറങ്ങിയിട്ടുണ്ട്.
കർഷക വിഷയത്തിൽ രാഹുൽ വാർത്തസമ്മേളനം നടത്തുകയും പാർലമെൻറിൽ ചൊവ്വാഴ്ച വിഷയം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസിനുള്ളിൽ ഊർജസ്വലത പകരാൻ സോണിയ ഗാന്ധി ബുധനാഴ്ച പാർട്ടി എം.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഇത്തരത്തിൽ നേരിട്ടൊരു കൂടിക്കാഴ്ച ആദ്യമാണ്. പ്രതിപക്ഷ ഐക്യമാണ്, സമാന്തര പ്രവർത്തനമല്ല വേണ്ടതെന്ന സന്ദേശം കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും നൽകുന്നതിൽ മധ്യസ്ഥ റോൾ ശിവസേന വഹിക്കുമെന്ന് അഭ്യൂഹമുണ്ട്. പ്രതിപക്ഷത്തെ സമാന്തര നീക്കം ബി.ജെ.പിയേയും ഫാഷിസ്റ്റ് ശക്തികളെയുമാണ് സഹായിക്കുകയെന്ന് ശിവസേനയുടെ 'സാമ്ന' മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.