മമതയുടെ രാഷ്ട്രീയ കളിയിൽ പതറി സർക്കാർ
text_fieldsന്യൂഡൽഹി: പങ്കെടുക്കും, പങ്കെടുക്കില്ല എന്ന് മാറിമാറി ചാഞ്ചാടിക്കളിച്ച് ‘ഇൻഡ്യ’യുടെ നെഞ്ചിടിപ്പേറ്റിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അവസാന ചാട്ടത്തിൽ പതറി മോദി സർക്കാർ. നരേന്ദ്ര മോദി സർക്കാറിനെതിരായ മനഃശാസ്ത്ര യുദ്ധത്തിൽ കോൺഗ്രസും ഇൻഡ്യയും മുന്നേറുന്നതിന് തടയിടാൻ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണോ മമത ബാനർജി എന്നുപോലും പലരും സംശയം പ്രകടിപ്പിച്ച ഘട്ടത്തിലാണ് തന്നെ നിശ്ശബ്ദയാക്കിയെന്ന് ആരോപിച്ച് ഇറങ്ങിപ്പോന്ന് നിതി ആയോഗിനും മോദി സർക്കാറിനും അവർ ഒരുപോലെ ഇരുട്ടടി നൽകിയത്. മമതയുടെ അവസാന ചാട്ടത്തിൽ കേന്ദ്ര സർക്കാർ പതറിപ്പോയതിന്റെ തെളിവാണ് ധനമന്ത്രി നിർമല സീതാരാമനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ഒന്നിന് പിറകെ ഒന്നായി വിശദീകരണവുമായി രംഗത്തുവന്നത്..
മാറുന്ന നിലപാടിന് മമതയുടെ ന്യായങ്ങൾ
നിതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് ഇൻഡ്യ യോഗത്തിനുശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രഖ്യാപിച്ചത്. മമത ബാനർജി തീരുമാനം അറിയിക്കും മുമ്പ് പ്രഖ്യാപനമരുത് എന്നായിരുന്നു ഇൻഡ്യ യോഗത്തിൽ പങ്കെടുത്ത കല്യാൺ ബാനർജി അടക്കമുള്ളവരുടെ നിലപാട്. ഇൻഡ്യയുടെ തീരുമാനത്തിന് വിരുദ്ധമായി മമത പങ്കെടുക്കുമെന്ന വാർത്തയാണ് പിന്നീട് വരുന്നത്. അതിന് തൃണമൂൽ പറഞ്ഞ ന്യായം ഏഴ് ദിവസം മുമ്പേ നിതി ആയോഗിന് വരുമെന്ന് അവർ അറിയിച്ചിരുന്നുവെന്നായിരുന്നു. ഇൻഡ്യയുടെ ബഹിഷ്കരണ തീരുമാനം താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മമത അവകാശപ്പെട്ടു. പിന്നീട് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് മമത റദ്ദാക്കിയതോടെ അവർ വരില്ലെന്നായി വാർത്ത. ഒരു ദിവസം കഴിയും മുമ്പേ വീണ്ടും അവർ ടിക്കറ്റ് ബുക്ക് ചെയ്ത് യോഗത്തിന് വരുമെന്ന് അറിയിച്ചു.
നിതി ആയോഗ് സി.ഇ.ഒ പറഞ്ഞത്
ഉച്ചഭക്ഷണത്തിന് മുമ്പ് തനിക്ക് അവസരം നൽകണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടുവെന്നാണ് നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. സാധാരണ ഗതിയിൽ അക്ഷരമാലാ ക്രമത്തിലാണ് യോഗത്തിൽ മുഖ്യമന്ത്രിമാരെ വിളിക്കാറുള്ളത്. ആദ്യം ആന്ധ്രപ്രദേശിനും പിന്നീട് അരുണാചൽ പ്രദേശിനുമായിരുന്നു അവസരം. മമത ആവശ്യപ്പെട്ടതിനാൽ ഗുജറാത്തിന് തൊട്ടു മുമ്പായി വിളിച്ചു. അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആരും ഇടപെട്ടില്ല. എല്ലാ മുഖ്യമന്ത്രിമാർക്കും ഏഴ് മിനിറ്റാണ് അനുവദിച്ചത്. സ്ക്രീനിൽ സംസാര സമയം കാണിക്കുന്ന ക്ലോക്കുമുണ്ടായിരുന്നു. സംസാരിച്ച് തീരുന്നതനുസരിച്ച് ക്ലോക്കിലെ സമയം പൂജ്യത്തിലെത്തും. മമത സംസാരിച്ചപ്പോഴും പൂജ്യലെത്തി. തനിക്ക് അതിലേറെ സംസാരിക്കാനുണ്ടായിരുന്നുവെന്നും ഇനി കൂടുതൽ സംസാരിക്കുന്നില്ലെന്നും മമത പറഞ്ഞു. അതിലപ്പുറം ഒന്നുമുണ്ടായിട്ടില്ല. അവർ പറഞ്ഞതൊക്കെയും ഞങ്ങൾ ബഹുമാനത്തോടെ കേട്ടു. പറഞ്ഞ കാര്യങ്ങൾ കുറിച്ചെടുത്തു. മമത ഇറങ്ങിപ്പോയശേഷവും പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി യോഗത്തിനിരുന്നു. മമതക്ക് കൊൽക്കത്തയിലേക്ക് വിമാനം കയറാനുള്ളത് കൊണ്ടാണ് അവർ പോയതെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
അതേസമയം എല്ലാ മുഖ്യമന്ത്രിമാർക്കും നൽകിയപോലെ നിശ്ചിത സമയം മമത ബാനർജിക്കും നൽകിയിരുന്നുവെന്നും മൈക്ക് മ്യൂട്ട് ആക്കിയെന്നത് തെറ്റായ ആരോപണമാണെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.
സർക്കാറിന് ആശ്വാസമായി അധിർ രഞ്ജന്റെ പ്രസ്താവന
നിതി ആയോഗ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നതിനെക്കുറിച്ച് മമത ബാനർജി പറഞ്ഞത് കള്ളമാണെന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവും മമതയുടെ ബദ്ധവൈരിയുമായ അധിർ രഞ്ജൻ ചൗധരി രംഗത്തുവന്നത് പ്രതിരോധത്തിലായ മോദി സർക്കാറിനും ബി.ജെ.പിക്കും നേരിയ ആശ്വാസമായി.
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ഇത്തരത്തിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നതിൽ അദ്ഭുതം തോന്നുന്നുവെന്നാണ് അധിറിന്റെ ന്യായീകരണം. ഡൽഹിക്ക് തിരിക്കും മുമ്പെ മമതയൊരുക്കിയ നാടകമാണിതെന്നും അതിന്റെ സ്ക്രിപ്റ്റും മമതയുടേതാണെന്നും അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ മമതയെ തള്ളിപ്പറയാതെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.