നേതൃ കസേരയിൽ കണ്ണുവെച്ച് മമത, പവാർ
text_fieldsന്യൂഡൽഹി: പാർലമെൻറിലും പുറത്തും പ്രതിപക്ഷ പാർട്ടികളുടെ യോജിച്ചനീക്കം ലക്ഷ്യമിട്ട് സോണിയ ഗാന്ധി വിളിച്ച യു.പി.എ നേതൃയോഗം വ്യാഴാഴ്ച ഡൽഹിയിൽ നടക്കും. യു.പി.എ സഖ്യത്തിലെ എല്ലാ കക്ഷികളെയും യോഗത്തിലേക്ക് സോണിയ വിളിച്ചിട്ടുണ്ട്. ഇതിൽ എത്ര കക്ഷിനേതാക്കൾ പെങ്കടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അംഗീകരിക്കാൻ മടിക്കുന്ന തൃണമൂൽ കോൺഗ്രസിെൻറ നേതാവ് മമത ബാനർജി ഉണ്ടാവില്ല. പകരം പാർട്ടി എം.പി ഡറിക് ഒബ്രിയനെ അയക്കും. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റശേഷം, ബി.ജെ.പിക്കെതിരായ പോരാട്ടം നയിക്കാൻ ഏറ്റവും യോഗ്യത മമത ബാനർജിക്കാണെന്ന അഭിപ്രായം തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചുവരുന്നുണ്ട്.
ഒന്നുകിൽ സംസ്ഥാന മുഖ്യമന്ത്രി പദം വഹിക്കുന്ന ഒരു നേതാവ്, അതല്ലെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളയാൾ, അതുമല്ലെങ്കിൽ പതിറ്റാണ്ടുകൾ എം.പിയായിരുന്ന ചരിത്രമുള്ളയാൾ എന്നതാണ് ബി.ജെ.പിയിതര സഖ്യത്തെ നയിക്കാനുള്ള യോഗ്യതയായി തൃണമൂൽ നേതാവ് ഡറിക് ഒബ്രിയൻ എം.പി പറഞ്ഞുവെച്ചത്. ഇൗ മൂന്നു വ്യവസ്ഥകളിലും രാഹുൽ ഗാന്ധി പെടുന്നില്ല.
ഇൗ ഗണത്തിൽ മമതയെയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയുമാണ് തൃണമൂൽ കാണുന്നത്. പൊതുതെരഞ്ഞെടുപ്പിലേക്ക് ഒന്നര വർഷം ബാക്കിയില്ലെന്നിരിക്കെ, ബി.ജെ.പിയെ എങ്ങനെ നേരിടണമെന്ന കാര്യത്തിലുള്ള ചർച്ചകൾ പല വഴിക്കാണ് നടക്കുന്നത്. തിങ്കളാഴ്ച എൻ.സി.പി നേതാവ് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. ബി.ജെ.പിയിതര മുന്നണിയെ ശരദ് പവാർ നയിക്കുന്നതാണ് ഭേദമെന്നാണ് എൻ.സി.പിയുടെ പക്ഷം. ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യത്തിൽ സി.പി.എമ്മിനുള്ളിൽ നടക്കുന്ന തർക്കം പുറമെ.
കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ സോണിയ ഗാന്ധി യു.പി.എ അധ്യക്ഷപദവി രാഹുലിന് ഏൽപിച്ചു കൊടുക്കാൻ പറ്റാത്ത നിലയിലാണിന്ന്. എന്നാൽ, അടുത്ത പൊതുതെരഞ്ഞെടുപ്പോടെ കാര്യങ്ങൾക്ക് വ്യക്തത ഉണ്ടാവുകയും വേണം. സോണിയ മാറിയാൽ യു.പി.എയെ നയിക്കാൻ മമതയും പവാറും അവകാശവാദം ഉന്നയിച്ചെന്നു വരും. എന്നാൽ, ബി.ജെ.പിക്കെതിരെ സഖ്യം കെട്ടിപ്പടുക്കുകയും 10 വർഷം ഭരിക്കാൻ ആ സഖ്യം പ്രാപ്തി നേടുകയും ചെയ്തെന്നിരിക്കെ, നേതൃപദവി ആർക്കെന്ന കാര്യത്തിൽ കോൺഗ്രസിനു സംശയമില്ല. മമതയും പവാറുമൊക്കെ നേതൃസ്ഥാനത്തിന് ചരടുവലിക്കുന്നതു തിരിച്ചറിഞ്ഞാണ് യു.പി.എ യോഗം വിളിക്കാൻ സോണിയ മുൻകൈയെടുത്തത്. സോണിയ യു.പി.എ അധ്യക്ഷയായി തുടരുകതന്നെ ചെയ്യുമെന്ന് മുതിർന്ന നേതാവ് എം. വീരപ്പമൊയ്ലി പറഞ്ഞുവെച്ചിട്ടുമുണ്ട്.
കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, എണ്ണവില വർധനവ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പാർലമെൻറിൽ ഏകോപിത നീക്കം നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.