മമതയുടെ ദേശീയ മോഹങ്ങളും അഭിഷേകിന്‍റെ വരവും
text_fieldsബംഗാളിൽ ബി.ജെ.പി ഉയർത്തിയ വലിയ വെല്ലുവിളിയെ മികച്ച മാർജിനിൽ മറികടന്ന മമത ദേശീയ തലത്തിലെ സാധ്യതകൾ കാര്യമായി പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബംഗാളിൽ ബി.ജെ.പി കാടിളക്കി നടത്തിയ പ്രചരണ ബഹളങ്ങൾക്ക് ശേഷവും, തെരഞ്ഞെടുപ്പ് നടന്ന 292 ൽ 77 എന്ന നിലയിൽ അവരെ തളക്കാനായത് മമതയുടെ വിജയമായാണ് കരുതുന്നത്. ബംഗാളിൽ മിന്നുന്ന വിജയത്തിലൂടെ മോദി-അമിത്ഷാ ദ്വന്ദത്തിന്‍റെ തന്ത്രങ്ങളെ നേരിടാൻ കഴിയുന്ന ശക്തയായ പോരാളി എന്ന പ്രതിഛായ സൃഷ്ടിക്കാൻ മമതക്കായിട്ടുണ്ട്. ഇൗ പ്രതിഛായ ഉപയോഗപ്പെടുത്തി ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്‍റെ മുഖമാകുന്നതിന്‍റെ സാധ്യതയാണ് മമത പരിശോധിക്കുന്നത്. മമത ദേശീയ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ബംഗാളിൽ പിന്നെയാര് എന്ന ചോദ്യത്തിന് ഉത്തരമായി അവരുടെ മരുമകനും എം.പിയുമായ അഭിഷേക് ബാനർജി ഉയർന്നു വരികയും ചെയ്യുന്നുണ്ട്.
ബംഗാൾ ഇന്ത്യയെയും ജനാധിപത്യത്തെയും മാനവികതയെയുമാണ് രക്ഷിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മമത പ്രതികരിച്ചത്. കോവിഡ് വാക്സിന് വിലയീടാക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ തീരുമാനത്തെയും അതിനിടയിൽ അവർ വിമർശിച്ചു. 'നമ്മളിവിടെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകും, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ഞാൻ ആവശ്യപ്പെടുന്നു' -മമത പറഞ്ഞു. കേന്ദ്രം വാക്സിൻ സൗജന്യമായി നൽകിയില്ലെങ്കിൽ അതിനെതിരെ സമാധാനപരമായ സമരം തുടങ്ങുമെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആദ്യ പ്രതികരണം തന്നെ കേന്ദ്രത്തിനെതിരായ സമരപ്രഖ്യാപനമാക്കി മാറ്റിയത് കൃത്യമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മമതയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങളുടെ ദിശയാണ് ആദ്യപ്രതികരണത്തിൽ തന്നെ അവർ വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരായ യഥാർഥ രാഷ്ട്രീയ ബദലുയർത്താൻ തനിക്കാകുമെന്ന് ബംഗാൾ മാതൃക ചുണ്ടികാട്ടി പറയാതെ പറയുകയാണ് അവർ. ബംഗാളിൽ ബി.ജെ.പി ഉയർത്തിയത് ശക്തയമായ വെല്ലുവിളിയായിരുന്നു. ദേശീയ തലത്തിൽ ബിജെ.പിക്ക് ബദലാകുമെന്ന് കരുതുന്ന ഇടത്-കോൺഗ്രസ് സഖ്യവും ഒരു ഭാഗത്തുണ്ടായിരുന്നു. ഈ രണ്ട് വെല്ലുവിളികളെയും ഒരേ സമയം മറികടന്നാണ് അവർ മിന്നുന്ന വിജയം നേടിയത്. ബി.ജെ.പിക്കെതിരായ ജനവികാരത്തെ പ്രതിനിധീകരിക്കാൻ തനിക്കാകുമെന്ന ആത്മവിശ്വാസം ദേശീയ തലത്തിലൊരു പരീക്ഷണത്തിന് അവരെ പ്രേരിപ്പിക്കുന്നുമുണ്ട്.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ, പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകൾ ഉറപ്പാക്കാൻ മമതക്കായി. മുന്ന് പതിറ്റാണ്ടോളം തുടർച്ചയായി ബംഗാൾ ഭരിച്ച സി.പി.എമ്മിന് ഇത്തവണ ഒരു സീറ്റു പോലും ജയിക്കാനായിട്ടില്ല. കോൺഗ്രസിന്‍റെയും സ്ഥിതി വ്യത്യസ്തമല്ല. ഇടത്-കോൺഗ്രസ്-ഐ.എസ്.എഫ് സഖ്യം രുപീകരിച്ചിട്ടുപോലും വോട്ടു വിഹിതത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും വലിയ കുറവാണുണ്ടായത്. 'ബി.ജ.പിക്കെതിരെ മമത' എന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാൻ തൃണമൂലിനായതാണ് ഇടത്-
കോൺഗ്രസ് സഖ്യത്തിന് തിരിച്ചടിയായത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ തൃണമൂലിനും ഇടത്-കോൺഗ്രസ് സഖ്യത്തിനുമായി ഭിന്നിക്കുന്ന വിടവിലൂടെ നേട്ടമുണ്ടാക്കമെന്ന ബി.ജെ.പിയുടെ കണക്കു കൂട്ടലും പിഴച്ചു.
അഭിഷേകിന്‍റെ വരവ്
ബംഗാളിലെ തൃണമൂലിന്‍റെ വിജയത്തിന് പറികിൽ ഒരു ചെറുപ്പക്കാരന്‍റെ ഉദയം കൂടിയുണ്ട്. മമതയുടെ മരുമകനും എം.പിയുമായ അഭിഷേക് ബാനർജിയാണത്. മോദി, അമിത് ഷാ അടക്കമുള്ള ബി.ജെ.പിയുടെ താരപ്രചാരകർ ഉയർത്തിയ കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്നതിൽ മമത ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അടിത്തട്ടിൽ തന്ത്രങ്ങളൊരുക്കിയതും പ്രവർത്തനങ്ങെള ഏകോപിപ്പിച്ചതും 33 കാരനായ ഈ എം.ബിഎ കാരനാണ്. അഭിഷേകിന്‍റെ കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന സൗത്ത് 24 പർഗാന മേഖലയിൽ 31 സീറ്റിൽ 29 ഉം തൃണമൂലാണ് വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയ മേഖലകളിൽ കൂടി തൃണമൂലിന്‍റെ വിജയം ഉറപ്പിക്കാനായത് അഭിഷേകിന്‍റെ നേട്ടമായായാണ് വിലയിരുത്തപ്പെടുന്നത്.
2014 ലാണ് അഭിഷേക് ബാനർജി എം.പിയാകുന്നത്. ശേഷം, ഒരു എം.പി എന്നതിലധികം തൃണമൂൽ അണികളിൽ അദ്ദേഹം ആസൂത്രിതമായി സ്വാധീനമുറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.
2016 ൽ മമതയുടെ നേതൃത്വത്തിൽ തൃണമുൽ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ ഹാളിൽ അഭിഷേക് ബാനർജിയുടെ ചിത്രങ്ങളും പ്ലക്കാർഡുകളും പിടിച്ച് അണികളുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത് പരിക്കേറ്റ് മമത ചക്രകസേരയിലേക്ക് മാറിയപ്പോൾ തൃണമൂലിന്‍റെ വേദികളിലെ സ്ഥിര സാന്നിധ്യമായി അഭിഷേക് ബാനർജി മാറി. ഒരു ദിവസം അഞ്ചും ആറും പരിപാടികളിൽ അദ്ദേഹം ഒാടി നടന്ന് പ്രസംഗിച്ചു.
സുവേന്ദു അധികാരിയെ പോലെ ജനസ്വാധീനമുള്ള നേതാക്കൾ തൃണമൂൽ വിട്ടതോടെ ഒഴിവു വന്ന നേതൃവിടവ് കൃത്യസമയത്ത് നികത്തുകയായിരുന്നു അഭിഷേക് ബാനർജി. മറ്റൊരർഥത്തിൽ പറഞ്ഞാൽ ആ സാധ്യതയെ അദ്ദേഹം സമർഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. പാർട്ടിയെ നയിക്കാൻ കഴിയുന്ന പുതുതലമുറയുടെ പ്രതിനധിയാണ് താെനന്ന് അദ്ദേഹം തെളിയിച്ചു.
കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പ് പ്രചരണത്തോടെ പാർട്ടിയിലെ രണ്ടാമൻ എന്ന പ്രതീതി ജനിപ്പിക്കാനും അദ്ദേഹത്തിനായി. ബി.ജെ.പിയുടെ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ വിശ്വസ്തർ പോലും കൂടുമാറിയപ്പോൾ വിശ്വസിക്കാൻ കഴിയുന്ന മറ്റൊരു നേതൃനിരയെ കണ്ടെത്താൻ മമത നിർബന്ധിതയാകുകയും ചെയ്തു. മരുമകൻ കൂടിയായ അഭിഷേകിന് നറുക്ക് വീഴാൻ അതും കാരണമാണ്.
അതേസമയം, അഭിഷേക് കൂടുതൽ ശക്തനാകുന്നത് ചില നേതാക്കളെയെങ്കിലും പിണക്കാൻ സാധ്യതയുണ്ട്. അവസരത്തിനായി തക്കം പാർത്തിരിക്കുന്ന ബി.ജെ.പി അത്തരം അസംതൃപ്തികളെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. തൃണമൂൽ കോൺഗ്രസിനോ അതിന്‍റെ നേതാക്കൾക്കോ പ്രത്യേകിച്ച് പ്രത്യയശാസ്ത്ര പ്രതിബദ്ധതയൊന്നും ഇല്ലാത്തതിനാൽ അസംതൃപ്തികളെ മുഖവിലക്കെടുക്കാതെ തീരുമാനങ്ങളെടുക്കാൻ മമതക്കുമാകില്ല.
ബംഗാളിലെ മമതയുടെ ഹാട്രിക് വിജയത്തിന്‍റെ തിളക്കമേറ്റുന്നത് ബിജെ.പി ഉയർത്തിയ ശക്തമായ വെല്ലുവിളി മറികടന്നുവെന്നതാണ്. ആ തിളക്കം ദേശീയ രാഷ്ട്രീയത്തിൽ ഒരു കൈ പയറ്റുന്നതിന് മമതയെ പ്രചോദിപ്പിക്കുന്നുമുണ്ട്. ബംഗാളിൽ നിന്ന് ശ്രദ്ധ മാറ്റുേമ്പാൾ വിശ്വസ്തരായവരെ അവിടെ അവരോധിച്ചില്ലെങ്കിൽ ബി.ജ.പി അവസരം മുതലെടുക്കുമെന്ന് മമതക്കറിയാം. ഈ സാഹചര്യങ്ങളെല്ലാം അഭിഷേക് ബാനർജിക്ക് അവസരങ്ങളുടെ വാതിൽ തുറക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.