അമരാവതിയിൽ വിയർക്കുന്നുണ്ട് മമ്മൂട്ടിയുടെ നായിക
text_fieldsഅമരാവതി: ‘ലവ് ഇൻ സിംഗപ്പൂരി’ലെ മമ്മൂട്ടിയുടെ നായിക നവ്നീത് കൗർ റാണയും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ അവർക്കിത് രണ്ടാമൂഴം. 2019ൽ എൻ.സി.പി പിന്തുണയിൽ സ്വതന്ത്രയായി ജയിച്ച നവ്നീത് ഇന്ന് സിറ്റിങ് സീറ്റിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയാണ്. അത്ര എളുപ്പമാകില്ല മത്സരം. അമരാവതിയിൽ ആദ്യമായി നവ്നീതിലൂടെ താമര വിരിയിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. പ്രാദേശിക ബി.ജെ.പിയല്ല; അങ്ങ് ഡൽഹി നേതൃത്വത്തിന്റെ ശ്രമമെന്നതാണ് ശരി. നവ്നീത് വേണ്ടെന്ന് പറയാൻ ചെന്ന പ്രാദേശിക ബി.ജെ.പി നേതാക്കളോട് എല്ലാം ഡൽഹി തീരുമാനിച്ചു എന്നത്രേ ദേവേന്ദ്ര ഫഡ്നാവിസിന്റെ മറുപടി.
പ്രചാരണങ്ങളിൽ പലയിടത്തും പ്രാദേശിക ബി.ജെ.പിക്കാരുടെ അസാന്നിധ്യമുണ്ട്. എൻ.ഡി.എയുടെ സഖ്യകക്ഷിയായ ബച്ചു കാഡുവിന്റെ പ്രഹാർ പാർട്ടി നവ്നീതിന്റെ സ്ഥാനാർഥിത്വത്തെ പരസ്യമായി എതിർക്കുക മാത്രമല്ല, ദിനേശ് ബുബിനെ സ്ഥാനാർഥിയുമാക്കി. മണ്ഡലത്തിനു കീഴിലെ രണ്ട് നിയമസഭ സീറ്റുകളിൽ പ്രഹാർ പാർട്ടിക്ക് നിർണായകമാണ്. ശിവസേന മത്സരിച്ചുവന്ന സീറ്റാണ് അമരാവതി. അത് ബി.ജെ.പി തട്ടിയെടുത്തതോടെ മുൻ എം.പി ഷിൻഡെ പക്ഷ ശിവസേനയിലെ ആനന്ദ്റാവു അഡ്സുലും അണികളും ഉടക്കിലാണ്. മണ്ഡലത്തിനു കീഴിലെ ദര്യപുർ സീറ്റിലെ എം.എൽ.എ ബലവന്ത് വാൻഖഡെയേയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. 11 തവണ കോൺഗ്രസ് വാണ മണ്ഡലം. മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് മണ്ഡലത്തിലെ അവസാന കോൺഗ്രസ് എം.പി. 1999 മുതൽ 2014 വരെ ശിവസേന പിടിച്ചെടുത്തു. 2019ൽ 36,000 വോട്ടിനാണ് നവ്നീത് ജയിച്ചത്. ഇക്കുറി പാളയത്തിലെ പടയും കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർഥിയും നവ്നീതിനെ വെള്ളം കുടിപ്പിക്കുമെന്നുറപ്പ്. തീർച്ചയായും ഇതൊരു പോരാട്ടമാണ്. പോരാടുകതന്നെയാണെന്ന് നവ്നീത്.
കഴിഞ്ഞ തവണ സ്വതന്ത്രയായിരുന്നെങ്കിലും കേന്ദ്രത്തിന്റെ സഹായത്തോടെ റെയിൽവേ പദ്ധതികളടക്കം പല വികസനങ്ങളും അമരാവതിയിൽ കൊണ്ടുവരാനായി. മോദിജിയുടെ വികസന കാഴ്ചപ്പാടുമായി ചേർന്നുനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.