ഹാഥറസിൽ പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു
text_fieldsഹാഥറസ്: ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ ഹാഥറസ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം.
ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് പ്രതിയുടെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ കലഹം ഉണ്ടാവുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പെൺകുട്ടിയുടെ പിതാവ് മരിച്ചത്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2018ലാണ് പ്രതിയായ ഗൗരവ് ശർമയെ ജയിലിലാക്കിയത്. എന്നാൽ ഒരുമാസത്തിനുള്ളിൽ ഇയാൾ ജാമ്യത്തിലിറങ്ങിയതായി പൊലീസ് വ്യക്തമാക്കി.
'മരിച്ചയാൾ ഗൗരവ് ശർമക്കെതിരെ 2018 ജൂലൈയിൽ പീഡനക്കേസ് കൊടുത്തിരുന്നു. ജയിലിലായ പ്രതി ഒരു മാസത്തിന് ശേഷം ജാമ്യം നേടി. അതിനുശേഷം ഇരു കുടുംബങ്ങളും പരസ്പരം ശത്രുത പുലർത്തിയിരുന്നു. പ്രധാന പ്രതിയുടെ ഭാര്യയും ബന്ധുവായ സ്ത്രീയും ഗ്രാമത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയ സമയത്ത് കൊല്ലപ്പെട്ടയാളുടെ പെൺമക്കളും അവിടെ ഉണ്ടായിരുന്നു.
ഇവർ തമ്മിൽ തർക്കം ഉടലെടുത്തു. പ്രതി ഗൗരവ് ശർമയും കൊല്ലപ്പെട്ടയാളും കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതിനുശേഷം പ്രകോപിതനായ ഗൗരവ് ബന്ധുക്കളായ ചില യുവാക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും അയാളെ വെടിവെച്ചുകൊല്ലുകയുമായിരുന്നു' -ഹാഥറസ് പൊലീസ് മേധാവി വിനീത് ജയ്സ്വാൾ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
ഗൗരവിന്‍റെ കുടുംബാംഗമായ മറ്റൊരാളെ കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിക്കുന്ന പെൺകുട്ടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലയിൽ ദലിത് യുവതിയെ സവർണർ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഡൽഹിയിൽ ചികിത്സയിലിരിക്കേ മരിച്ച പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് അർധരാത്രി ചിതയൊരുക്കി ദഹിപ്പിച്ച സംഭവവും വിവാദമായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.