കശ്മീരിൽ പെരുന്നാൾ പ്രഭാഷണത്തിനിടെ ഫലസ്തീന് വേണ്ടി പ്രാർഥിച്ചയാൾ അറസ്റ്റിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ പെരുന്നാൾ പ്രഭാഷണത്തിനിടെ ഫലസ്തീൻ ജനതക്കുവേണ്ടി പ്രാർഥിക്കുകയും അവരുടെ പോരാട്ടത്തിന് െഎക്യപ്പെടുകയും ചെയ്ത മതപ്രബോധകനെ പൊലീസ് അറസ്റ്റ് ചെയ്തു. റെബാൻ സ്വദേശിയായ സർജൻ ബർകതിയെയാണ് രണ്ട് ദിവസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് 'ഒൗട്ട്ലുക്ക് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ആറ് മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഫലസ്തീനിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരിച്ച ബർകതി അവരുടെ ധൈര്യത്തെ പ്രശംസിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഫലസ്തീന് വേണ്ടി സംസാരിച്ചതിന് ബർകതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനോട് അന്വേഷിച്ച മാധ്യമപ്രവർത്തകന്, 'ഇതെല്ലാം അറിയുന്ന നിങ്ങൾ പിന്നെയും ഞങ്ങളോട് എന്തിനാണ് ചോദിക്കുന്നത്' എന്ന മറുപടിയാണ് ലഭിച്ചത്. ഫലസ്തീനിനെ അനുകൂലിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നുണ്ടെന്നും അവരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ ഒൗട്ട്‌ലുക്കിനോട് പറഞ്ഞു. എന്തുകൊണ്ടാണ് ബർകതിയെ മാത്രം അറസ്റ്റ് ചെയ്തതെന്ന് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
നാല് വർഷത്തോളം പൊലീസ് കസ്റ്റഡിയിലായിരുന്ന ബർകതി കഴിഞ്ഞ ഒക്ടോബറിലാണ് ജയിൽ മോചിതനായത്. സർക്കാർ വിരുദ്ധ റാലികൾ സംഘടിപ്പിച്ചെന്ന് ആരോപിച്ച് 2016ൽ ഇയാളെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏതാനും ദിവസങ്ങളായി ഫലസ്തീന് അനുകൂലമായ ധാരാളം പോസ്റ്റുകൾ കശ്മീരിലെ ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇതിനെതിരെയും പൊലീസ് രംഗത്തു വന്നിട്ടുണ്ട്. ഫലസ്തീനിലെ പോരാട്ടം ചൂണ്ടിക്കാട്ടി കശ്മീരിലെ സമാധാനം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും കശ്മീർ സോൺ പൊലീസ് ട്വീറ്ററിൽ വ്യക്തമാക്കി.
'ഫലസ്തീനിലെ സാഹചര്യം ഉപയോഗിച്ച് കശ്മീർ താഴ്‌വരയിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന ഘടകങ്ങളെക്കുറിച്ച് ജമ്മു കശ്മീർ പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താൻ പൊലീസിന് നിയമപരമായ ഉത്തരവാദിത്തമുണ്ട്. കശ്മീർ തെരുവുകളിൽ അക്രമവും അധാർമികയും സൃഷ്ടിക്കാൻ ആയെും അനുവദിക്കില്ല. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അത് അക്രമത്തിനായി ഉപയോഗിക്കരുത്. അക്രമത്തിനും നിയമലംഘനത്തിനും കാരണമാകുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും' -പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.