അയൽവാസിയായ മുസ്‍ലിമിനെ കുടുക്കാൻ ‘പി.എഫ്.ഐ സിന്ദാബാദ്’ പോസ്റ്റർ പതിച്ചു; ഹൗസിങ് സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ
text_fieldsമുംബൈ: അയൽവാസിയായ മുസ്‍ലിമിനെ കേസിൽ കുടുക്കാൻ വീടുകൾക്കും കെട്ടിടങ്ങൾക്കും മുന്നിൽ പച്ച സ്കെച്ച് പേനകൾ ഉപയോഗിച്ച് ‘പി.എഫ്.ഐ സിന്ദാബാദ്’ എന്നെഴുതിയ പോസ്റ്റർ പതിച്ച കേസിൽ ഹൗസിങ് സൊസൈറ്റി സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകനാഥ് കേവാലെ എന്ന 68കാരനാണ് പിടിയിലായത്. ന്യൂ പൻവേലിലെ ഹൗസിങ് സൊസൈറ്റിയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അനുകൂലമായി മുദ്രാവാക്യം എഴുതിയ പോസ്റ്ററുകൾ പതിച്ച സംഭവത്തിലാണ് നവി മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ: ജൂൺ 24 നാണ് നവി മുംബൈയിലെ ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നീൽ അംഗൻ ഹൗസിംഗ് സൊസൈറ്റിയിൽ ഏതാനും വീടുകൾക്ക് പുറത്ത് ‘പി.എഫ്.ഐ (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) സിന്ദാബാദ്', '786' എന്നിങ്ങനെയുള്ള സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തിയത്. ചില വീടുകൾക്ക് പുറത്ത് പടക്കങ്ങളും വടികളും ഉണ്ടായിരുന്നു. ഇത് സൊസൈറ്റിയിലെ താമസക്കാരെ ഭയപ്പെടുത്തുകയും പരിഭ്രാന്തരാക്കുകയും ചെയ്തു.
രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനാണ് അക്രമം നടത്തിയതെന്ന് മനസ്സിലാക്കിയ താമസക്കാർ ഖണ്ഡേശ്വർ പൊലീസ് സ്‌റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്‌തു. തുടർന്ന് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന കുറ്റം ചുമത്തി സെക്ഷൻ 153 (എ) പ്രകാരം കേസെടുത്തു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സൊസൈറ്റിയുടെ സെക്രട്ടറി ഏകനാഥ് കേവാലെ കെട്ടിടത്തിന്റെ ടെറസിലേക്ക് ഇടക്കിടെ പോകുന്നത് ശ്രദ്ധയിൽപെട്ടു. വിശദപരിശോധനയിൽ ടെറസിലെ വാട്ടർ ടാങ്കിൽ ‘പിഎഫ്ഐ സിന്ദാബാദ്’ എന്നെഴുതിയ പോസ്റ്റർ കണ്ടെത്തി. ഇതിനിടെ, കേസന്വേഷണത്തെക്കുറിച്ച് ആരായാൻ ഇയാൾ പതിവായി പൊലീസ് സ്റ്റേഷൻ സന്ദർശിക്കുമായിരുന്നു. ഹൗസിംഗ് സൊസൈറ്റിയിലെ രണ്ട് മുസ്‍ലിം കുടുംബങ്ങളെ സംശയമുള്ളതായും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ നീക്കത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ഏകനാഥ് കെവാലെയാണ് പോസ്റ്റർ പതിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു’ -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയുമായിരുന്നു. ഹൗസിംഗ് സൊസൈറ്റി ഭാരവാഹികളും ചില താമസക്കാരും തമ്മിലുള്ള തർക്കത്തിന് പ്രതികാരം ചെയ്യാനാണ് പോസ്റ്റർ പതിച്ചതെന്ന് ഇയാൾ മൊഴി നൽകിയത്. ജൂൺ 23ന് പുലർച്ചെയാണ് പോസ്റ്ററുകൾ പതിച്ചത്. കുറ്റസമ്മതത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.