മകളെ വിറ്റെന്ന് കിംവദന്തി; ഉത്തർപ്രദേശിൽ മധ്യവയസ്കനെ ആൾക്കൂട്ടം തല്ലിക്കൊന്നു
text_fields
ലഖ്നോ: ഉത്തർപ്രദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല. മെയിൻപുരിയിൽ പെൺകുട്ടിയെ വിറ്റുവെന്ന കിവംദന്തിയെ തുടർന്ന് ആൾക്കൂട്ടം 45 കാരനെ തല്ലിക്കൊന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ട സർവേഷ് ദിവാകർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ അക്രമികൾ സംഘം ചേർന്ന് മർദിച്ചവശനാക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ മെയിൻപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഉത്തർപ്രദേശിലെ കുശിനഗറിൽ പൊലീസിെൻറ മുന്നിൽ വെച്ച് കൊലപാതകക്കേസിലെ പ്രതിയെ തല്ലിക്കൊന്ന സംഭവത്തിന് തൊട്ട് പിറകെയാണ് മെയിൻപുരിയിലും ആൾക്കൂട്ടകൊല നടന്നിരിക്കുന്നത്.
ഉന്തുവണ്ടിയിൽ സാധനങ്ങൾ വിറ്റ് ഉപജീവനം നയിച്ചിരുന്ന സർവേശ്വർ ദിവാകർ മെയിൻപുരിയിലെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. 16 വയസുള്ള മകളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. പെൺകുട്ടി വീട്ടുജോലിക്ക് പോവുകയും സ്കൂളിൽ പഠിക്കുകയും ചെയ്തിരുന്നു. കോവിഡ് മൂലം പണിയില്ലാതായതോടെ കടുത്ത ദാരിദ്ര്യമായതിനാൽ ദിവാകർ മകളെ ബന്ധുക്കളോടൊപ്പം താമസിക്കാൻ പറഞ്ഞയച്ചിരുന്നു. എന്നാൽ ഇയാൾ മകളെ വിറ്റതായി കിംവദന്തി പ്രദേശത്ത് പ്രചരിക്കുകയായിരുന്നു. ഈ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അഞ്ചു പ്രതികളിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അഞ്ചുപേർ ദിവാകറിനെ വീടിെൻറ ടെറസിൽ വെച്ച് മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവശനായി നിലത്തുവീണ ശേഷവും അക്രമികൾ ഇയാളെ ചവിട്ടുന്നത് കാണാം. സംഭവത്തിെൻറ ദൃശ്യങ്ങൾ സമാജ്‌വാദി പാർട്ടി നേതാവ് ട്വിറ്ററിൽ പങ്കുവെക്കുകയും സംഭവത്തിന് പിന്നിൽ ബജ്റംഗദൾ പ്രവർത്തകരാണെന്ന് ആരോപിക്കുകയും ചെയ്തു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ബി.എസ്.പി അധ്യക്ഷ മായാവതി സംസ്ഥാനത്ത് കൊലപാതകങ്ങളും വെടിവെപ്പും അക്രമസംഭവങ്ങളും ദിനംപ്രതി വർധിക്കുന്നത്സങ്കടകരമാണെന്ന് പ്രതികരിച്ചു.
തിങ്കളാഴ്ച കിഴക്കൻ യു.പിയിലെ കുശിനഗറിൽ പൊലീസുകാർ നോക്കിനിൽക്കെ കൊലപാതകക്കേസിലെ പ്രതിയെ ആൾക്കൂട്ടം തല്ലികൊന്നിരുന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.