ഗുരുഗ്രാമിൽ യുവാവിന് ഗോസംരക്ഷക ഗുണ്ടകളുടെ ക്രൂരമർദനം; കാഴ്ചക്കാരായി പൊലീസ്
text_fieldsന്യൂഡൽഹി: പൊലീസുകാരും നാട്ടുകാരും നോക്കിനിൽക്കേ ഡൽഹിക്ക് സമീപം ഗുരുഗ്രാമിൽ യുവാവിന് ഗോസംരക്ഷക ഗുണ്ടകളുടെ ക്രൂരമർദനം. വെള്ളിയാഴ്ച രാവിലെ നടന്ന അക്രമത്തിന്‍റെ നടുക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ലുക്മാൻ എന്നയാൾക്കാണ് മർദനമേറ്റത്. ഇയാൾ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചുറ്റിക ഉപയോഗിച്ചുള്ള മർദനത്തിൽ തലയോട്ടി തകർന്നിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ലുക്മാൻ ഓടിച്ചിരുന്ന പിക്-അപ് ട്രക്ക് ഗോസംരക്ഷക ഗുണ്ടകൾ പിന്തുടർന്നെത്തി തടയുകയായിരുന്നു. തുടർന്ന് ക്രൂരമായ മർദനം അഴിച്ചുവിട്ടു. പശുവിറച്ചി കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം. ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയും അതിക്രൂരമായി മർദിക്കുയും ചെയ്തു.
2015ൽ നോയിഡയിലെ ദാദ്രിയിൽ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് അഖ്ലാക്ക് എന്ന വയോധികനെ മർദിച്ചുകൊന്നതിന് സമാനമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
മർദിച്ച് മൃതപ്രായനാക്കിയ ശേഷം ലുക്മാനെ വാഹനത്തിൽ കെട്ടിയിട്ട് ബാദ്ഷാപൂർ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് വീണ്ടും മർദനം തുടർന്നു. പിന്നീട് പൊലീസ് എത്തിയപ്പോഴാണ് മർദനം അവസാനിപ്പിച്ചത്.
ഗുരുതര പരിക്കേറ്റ ലുക്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഡിയോയിൽ അക്രമികളുടെ മുഖം ഉൾപ്പെടെ വ്യക്തമായിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസ് തയാറായിട്ടില്ല. അജ്ഞാതരുടെ മർദനം എന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, മാംസം പശുവിറച്ചിയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് ലാബിലേക്ക് അയച്ചിട്ടുമുണ്ട്.
വാഹനത്തിലുണ്ടായിരുന്നത് പശുവിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും വാഹനത്തിന്‍റെ ഉടമ പറഞ്ഞു. 50 വർഷമായി ഈ വ്യാപാരം തുടർന്നുവരികയാണെന്നും വാഹന ഉടമ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.