ഗുരുദ്വാരയിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
text_fieldsഛണ്ഡീഗഡ്: ഗുരുദ്വാരയിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. ആക്രമണത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുസാർ മാഡി ഗ്രാമവാസിയായ കരം സിങ് ആണ് കൊല്ലപ്പെട്ടത്.
പത്ത് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഒക്ടോബർ 16നാണ് കരം സിങ്ങിനെ ഒരു സംഘം ആളുകൾ ചേർന്ന് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുദ്വാരയിൽ നിന്നും മോഷണം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതാണെന്നായിരുന്നു സംഘം ആശുപത്രി അധികൃതരെ അറിയിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു സിങ് മരണപ്പെടുന്നത്.
ഒക്ടോബർ 17ന് കരം സിങ്ങിന്‍റെ അന്ത്യകർമങ്ങൾ നടന്ന് ഒരാഴ്ചക്ക് ശേഷമാണ് വീഡിയോ കുടുംബം കാണുന്നത്. ഇതിന് പിന്നാലെയാണ് ആൾക്കൂട്ട കൊലപാതകമായിരുന്നു എന്ന് തിരിച്ചറിയുന്നത്. യുവാവിന്‍റെ കൈകാലുകൾ കെട്ടിയിട്ട ശേഷം സംഘം വടികൊണ്ട് ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിന് പിന്നാലെ വീഡിയോയിൽ കാണുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ നാനക് സിംഗ്, ഗുർനാം സിംഗ്, ജഗ്താർ സിംഗ്, സിറ സിംഗ്, ധരംപാൽ, കാക്കു എന്നിങ്ങനെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 16 പേർക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.