വീണ്ടും ആൾകൂട്ട കൊലപാതകം; മോഷ്ടാവെന്ന് ആരോപിച്ച് 50കാരനെ തല്ലിക്കൊന്നു
text_fieldsകൊൽകത്ത: ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ വീണ്ടും ആൾകൂട്ട ആക്രമണം. ബംഗാളിലെ ഭംഗറിലാണ് മോഷ്ടാവെന്ന് ആരോപിച്ച് അസ്ഗർ മൊല്ല (50) എന്നയാളെ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഭംഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫൂൽബാരിയിൽ താമസിക്കുന്ന അസ്ഗർ മൊല്ലക്ക് നേരെ ആൾകൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു.
മണിക്കൂറുകൾ റോഡിൽ മൃതദേഹം കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശവാസികൾ ആദ്യം ഇയാൾ മദ്യലഹരിയിലാണെന്നാണ് കരുതിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭംഗർ ബസാറിൽ മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്ത് രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.
ബംഗാളിൽ അടുത്തിടെ നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 12 ആൾക്കൂട്ട അക്രമക്കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അതിനിടെ ആൾകൂട്ട ആക്രമണത്തിനെതിരെ നിയമം തയാറാക്കിയെങ്കിലും ഗവർണർ നിയമത്തിൽ ഒപ്പുവെക്കാത്തതിനാൽ നിയമം പ്രാബല്യത്തിൽ വരാത്തതെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് രംഗത്തെത്തി. മമത ബാനർജിയുടെ സർക്കാർ ആൾക്കൂട്ട ആക്രമണങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ നിയമം തയാറാക്കി അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചിരുന്നു. എന്നാൽ ബിൽ രാജ്ഭവനിൽ ഗവർണർ സി.വി ആനന്ദ ബോസിൻ്റെ പക്കലുണ്ട്. അഞ്ചുവർഷമായി ഗവർണറുടെ പരിഗണനിയിലാണ് ഈ ബില്ലെന്നും ടി.എം.സി നേതാവ് ജോയ് പ്രകാശ് മജുംദാർ പറഞ്ഞു.
രാജ്യത്ത് ആദ്യമായി ആൾക്കൂട്ട ആക്രമണത്തിന് എതിരെ നടപടിയെടുക്കുന്നതിനായി പുതിയ നിയമം പാസാക്കിയ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. 2019 ൽ ആണ് മമത ഈ നിയമം കൊണ്ടുവരുന്നത്. എന്നാൽ ബില്ല് നിയമസഭയിൽ പാസാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. അഞ്ച് വർഷമായി ഗവർണറുടെ പരിഗണനയിലാണ് ഈ ബില്ല്. നിയമസഭയിൽ പാസാക്കിയ ബിൽ അന്നത്തെ ഗവർണറായിരുന്ന ജഗ്ദീപ് ധൻഖറിന്റെ പരിഗണയിൽ എത്തിയെങ്കിലും ബിൽ പാസാക്കിയിരുന്നില്ല. പിന്നീട് സിവി ആനന്ദബോസ് ഗവർണറായപ്പോഴും ബിൽ പരിഗണനയിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.