പുൽവാമ ഭീകരാക്രമണം: ബോംബ് നിർമിക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്ന്
text_fieldsശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണം നടത്താൻ സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിന് രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈൻ മാർക്കറ്റിങ് സൈറ്റായ ആമസോണിൽ നിന്നാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായ വൈസ് ഉൽ ഇസ്ലാം, മുഹമ്മദ് അബ്ബാസ് റാത്തര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ആണ് ഉപയോഗിച്ചത്. ഇത് നിര്‍മിക്കുന്നതിനുള്ള രാസവസ്തുക്കളും ബാറ്ററികളും മറ്റ് സാധനങ്ങളുമാണ് ആമസോണില്‍ നിന്ന് വാങ്ങിയത്. പാകിസ്താനി ജെയ്‌ശെ മുഹമ്മദ് തീവ്രവാദികളിൽ നിന്നും ലഭിച്ച നിർദേശങ്ങളെ തുടർന്നാണ് സാധനങ്ങൾ വാങ്ങിയതെന്ന് പ്രതികൾ പറയുന്നു. വൈസ് ഉൽ ഇസ്ലാം രാസവസ്തുക്കൾ വാങ്ങി നേരിട്ട് തീവ്രവാദികൾക്ക് കൊടുത്തെന്നും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി എൻ.ഐ.എ ഉദ്യോഗസ്ഥർ പറയുന്നു.
മറ്റ് പ്രതിയായ മുഹമ്മദ് അബ്ബാസ് റാത്തർ 2018 ഏപ്രിലിൽ കശ്മീരിലെത്തിയ ജെയ്‌ശെ മുഹമ്മദ് ഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ മുഹമ്മദ് ഉമറിന് തെൻറ വീട്ടില്‍ താമസ സൗകര്യമൊരുക്കി. കൂടാതെ പാകിസ്താനിൽ നിന്നുള്ള ജെയ്‌ശെ ചാവേറുകളായ ആദിൽ അഹമ്മദ് ദർ, സമീർ അഹമ്മദ് ദർ, കംറാൻ എന്നിവരെ പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വരെ റാത്തർ ഹക്രിപുരയിലെ വീട്ടില്‍ താമസിപ്പിച്ചിരുന്നു.
ഇതില്‍ ചാവേറായ ആദിലിനെ മറ്റൊരു ജെയ്‌ശെ സഹായി ആയ താരിഖ് അഹമ്മദ് ഷായുടെ വീട്ടില്‍ എത്തിച്ചത് വൈസ് ഉൽ ഇസ്ലാമാണ്. ഇവിടെ വെച്ചാണ് ഭീകരാക്രമണത്തിന് മുന്നോടിയായുള്ള വീഡിയോ സന്ദേശം ചിത്രീകരിച്ചതെന്നും എൻ.ഐ.എ പറയുന്നു.
2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ 40 സി.ആർ.പി.എഫ് സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.