'ലവ് ജിഹാദ്' ആരോപിച്ച് യു.പി പൊലീസ് കേസെടുത്ത യുവാവിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
text_fieldsലഖ്നോ: 'ലവ് ജിഹാദ്' ആരോപിച്ച് യു.പി പൊലീസ് കേസെടുത്ത മുസ്‍ലിം യുവാവിന്‍റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈകോടതി. മുസാഫർനഗറിലെ നദീം എന്ന 32കാരനെതിരെയാണ് നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തത്.
ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അക്ഷയ് കുമാർ ത്യാഗി നല്‍കിയ പരാതിയിലാണ് പൊലീസ് 'ലവ് ജിഹാദ്' ആരോപിച്ച് നദീമിനും സല്‍മാനുമെതിരെ കേസെടുത്തത്. തന്‍റെ വീട്ടിൽ നദീം സ്ഥിരമായി സന്ദർശനം നടത്തുന്നുണ്ടെന്നും തന്‍റെ ഭാര്യയെ മത പരിവർത്തനം നടത്തണം എന്ന ഉദ്ദേശ്യത്തോടെ പ്രണയത്തില്‍ പെടുത്തുകയായിരുന്നുവെന്നുമായിരുന്നു ത്യാഗിയുടെ പരാതി. സ്മാർട് ഫോൺ ഉള്‍പ്പെടയുള്ള സമ്മാനങ്ങള്‍ ഈ ഉദ്ദേശ്യത്തോടെ നദീം സമ്മാനിച്ചുവെന്നും ത്യാഗിയുടെ പരാതിയിൽ പറയുന്നു.
പൊലീസിന്‍റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നദീം സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. അടുത്ത ഹിയറിങ്ങിനായി കേസ് പരിഗണിക്കുന്നത് വരെ നദീമിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കുറ്റാരോപിന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ നിർബ്ബന്ധിത മതപരിവര്‍ത്തനത്തിനായുള്ള സമീപനം ഉണ്ടായതായോ തെളിവുകള്‍ സൂചിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയിൽ പറയപ്പെടുന്ന സ്ത്രീ സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തതയും ബുദ്ധിയുമുള്ള പ്രായപൂർത്തിയായ ആളാണെന്നും കോടതി നിരീക്ഷിച്ചു.
ഹരജിക്കാരനും സ്ത്രീക്കും അവരവരുടെ സ്വകാര്യതയ്ക്ക് മൗലികാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്ത്രീയുടെ ഭര്‍ത്താവ് ആരോപിക്കുന്ന ബന്ധത്തിന്‍റെ അനന്തരഫലങ്ങളെ കുറിച്ച് മുതിർന്ന വ്യക്തികളായ ഇരുവർക്കും ധാരണയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.