ബംഗാളിൽ ബി.ജെ.പി നേതാവിന്‍റെ കാറിടിച്ച് ഒരാൾ മരിച്ചെന്ന്; പ്രതിഷേധം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ കാർ ഇടിച്ച് ഒരാൾ മരിച്ചതായി ആരോപണം. പുർബ് മിഡാനാപൂർ ജില്ലയിൽ ചാന്ദിപൂരിലാണ് സംഭം.
റോഡരികിലുണ്ടായിരുന്ന സെയ്ഖ് ഇസ്‌റാഫിൽ എന്നയാളെ ഇടിച്ച് കാർ നിർത്താതെ പോകുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ അപകടം വരുത്തിയത് നന്ദിഗ്രാം എം.എൽ.എയുടെ വാഹനമാണെന്ന് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മൊയ്‌നയിലെ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സുവേന്ദു അധികാരിയെന്നും റിപ്പോർട്ടുണ്ട്.
അപകടത്തെ തുടർന്ന് സുവേന്ദു അധികാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. വൻതോതിൽ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്."മരിച്ച ആൾ റോഡിന്റെ വലതുവശത്തും കോൺവോയ് ഇടതുവശത്തുനിന്നും വരികയായിരുന്നു. പെട്ടെന്ന് കോൺവോയിയിലെ ഒരു കാറ് റോഡിന്റെ വലതുവശത്തേക്ക് നീങ്ങി ആളെ ഇടിച്ചു," ദൃക്സാക്ഷി റഫീസുൽ അലി മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിന് ശേഷം കാർ ഏതാനും മീറ്ററുകൾ പിന്നിലേക്ക് നീങ്ങുകയും ശേഷം ഡ്രൈവർ വാഹനവുമായി ഓടി രക്ഷപ്പെട്ടെന്നും അലി ആരോപിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.