‘അമ്മേ, ഞാൻ എന്നെന്നേക്കുമായി ഉറങ്ങുന്നു...’; 28കാരൻ ജീവനൊടുക്കിയത് ഭാര്യയുടെ പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ
text_fieldsന്യൂഡൽഹി: ഭാര്യ പൊലീസിൽ പരാതി നൽകിയതിനുപിന്നാലെ മനോവിഷമത്തിൽ 28കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഇസത്നഗർ സ്വദേശിയായ രാജ് ആര്യ എന്ന യുവാവിനെ ബുധനാഴ്ച മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഭാര്യ സിമ്രാന്‍റെ (23) പീഡനത്തെ തുടർന്നാണ് രാജ് കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.
വിവാഹസമയത്ത് രാജും സിമ്രാനും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും അടുത്തിടെ ജോലി നഷ്ടപ്പെട്ടു. കുറച്ചുനാളായി ഇരുവരും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. പത്ത് ദിവസം മുമ്പ് സിമ്രാൻ സ്വന്തം വീട്ടിലേക്ക് പോയി. കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ സിമ്രാനെയും കൂട്ടാനായി രാജ് അവളുടെ വീട്ടിൽ ചെന്നു. എന്നാൽ രാജിനൊപ്പം വരാൻ സിമ്രാൻ സമ്മതിച്ചില്ല. മാത്രമല്ല, സിമ്രാന്‍റെ സഹോദരങ്ങൾ മർദിക്കുകയും ചെയ്തെന്ന് രാജിന്‍റെ സഹോദരി പറയുന്നു.
പിന്നാലെ സിമ്രാൻ പൊലീസിൽ കേസ് നൽകുകയും രാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാജ് ജീവനൊടുക്കിയത്.
ജീവനൊടുക്കുന്നതിന് മുമ്പ് ‘അമ്മേ, ഞാൻ എന്നെന്നേക്കുമായി ഉറങ്ങുന്നു...’ എന്ന് രാജ് പറഞ്ഞതായി മാതാവ് പൊലീസിനെ അറിയിച്ചു. മകൻ പറഞ്ഞത് ആദ്യം മനസ്സിലായില്ലെന്നും പിന്നീട് മുറിയിലെത്തി പരിശോധിച്ചപ്പോൾ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ മകനെ കണ്ടെത്തുകയായിരുന്നെന്നും അവർ പറയുന്നു.
കഴിഞ്ഞ വർഷമാണ് ദമ്പതികൾ പ്രണയിച്ച് വിവാഹിതരായത്. 45 ദിവസം മുമ്പാണ് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.