ഉള്ളി വാങ്ങാൻ ക്യൂവിൽ നിൽക്കവെ 55 വയസുകാരൻ മരിച്ചു; സർക്കാറിനെതിരെ ആയുധമാക്കി ടി.ഡി.പി
text_fieldsഅമരാവതി: ഉള്ളി വാങ്ങാൻ ക്യൂവിൽ കാത്തുനിൽക്കുന്നതിനിടെ 55 വയസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് ആയുധമാക്കി പ്രതിപക്ഷം. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിൽ ആണ് സാംബയ്യ എന്നയാൾ മരിച്ചത്. സംസ്ഥാന സർക്കാർ ഉള്ളി കിലോക്ക് 25 രൂപ സബ്സിഡി നിരക്കിൽ വിറ്റെങ്കിലും പെട്ടെന്ന് തീർന്നിരുന്നു. തുടർന്ന് ഇയാൾ ഉള്ളി വാങ്ങാനായി മർക്കറ്റിൽ എത്തി ക്യൂ നിന്നു. ഇവിടെ വെച്ചാണ് കുഴഞ്ഞുവീണത്. ഇയാളെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും സാംബയ്യ വഴിയിൽ വച്ച് മരിച്ചു.
ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞ് തെലുങ്കുദേശം പാർട്ടി വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. മരണത്തെക്കുറിച്ച് സർക്കാർ എന്തുകൊണ്ട് പ്രസ്താവന നടത്തുന്നില്ലെന്ന് ടി.ഡി.പി പ്രസിഡൻറ് എൻ ചന്ദ്രബാബു നായിഡു ചോദിച്ചു.
ഉള്ളി വാങ്ങാൻ ക്യൂവിൽ നിൽക്കുന്ന ഒരാൾ മരിച്ചു. എന്തുകൊണ്ടാണ് സർക്കാർ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കാത്തത് -നായിഡു പത്രസമ്മേളനത്തിൽ ചോദിച്ചു. ജനങ്ങളുടെ പടിവാതിൽക്കൽ വിവിധ സേവനങ്ങൾ എത്തിക്കാൻ സർക്കാർ നിയോഗിച്ച സന്നദ്ധപ്രവർത്തകർ ഉള്ളി വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ഒരു കിലോ ഉള്ളിക്ക് 110-160 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.